പണി ഇരന്നുവാങ്ങിച്ച് ശ്രീലേഖ…വെളിപ്പെടുത്തല്‍ കേസിനെ ബാധിക്കില്ല; കോടതിയലക്ഷ്യ നടപടിക്ക് നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തെളിവില്ലെന്ന മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കേസിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് നിയമവൃത്തങ്ങള്‍. ദിലീപിന്റെ അഭിഭാഷകരും ഇത്തരത്തിലാണ് വിലയിരുത്തുന്നത്. അതേസമയം, അസമയത്തുള്ള വെളിപ്പെടുത്തലില്‍ ശ്രീലേഖയുടെ പേരില്‍ കേസെടുക്കാനാകുമെന്നും നിയമവൃത്തങ്ങള്‍ പറയുന്നു.

പള്‍സര്‍ സുനി മറ്റ് നടികളോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തലിലുണ്ട്. അതിനാല്‍, കുറ്റം മറച്ചുവെച്ചതിന് ഐ.പി.സി. 118 പ്രകാരം കേസെടുക്കാനാകുമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇരകള്‍ തിരിച്ചറിയപ്പെടും എന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ശ്രീലേഖ പറയുന്നത്. എന്നാല്‍, ഇരകളെ സംരക്ഷിച്ചുകൊണ്ട് അന്വേഷണം നടത്താനാകുമായിരുന്നു.

വിചാരണയുടെ അവസാനഘട്ടത്തില്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലിന്റെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 161 പ്രകാരം പോലീസ് രേഖപ്പെടുത്തുന്ന മൊഴികളില്‍ സാക്ഷികള്‍ ഒപ്പിടേണ്ടതില്ല. ഇങ്ങനെ നല്‍കുന്ന മൊഴികളില്‍ പോലീസ് പലതും എഴുതിച്ചേര്‍ക്കുകയാണെന്നാണ് ശ്രീലേഖയുടെ ആരോപണം. ഡി.ജി.പി. റാങ്കില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥയുടെ ഇത്തരം ആരോപണം എല്ലാ ക്രിമിനല്‍ കേസ് നടപടികളെയും സംശയ നിഴലിലാക്കുന്നതാണെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പുതിയതായി ഒന്നുമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിലയിരുത്തുന്നത്. മുമ്പും സമാനമായ വെളിപ്പെടുത്തല്‍ ശ്രീലേഖ നടത്തിയിരുന്നു. ഉന്നതസ്ഥാനത്തിരുന്ന പോലീസ് ഓഫീസര്‍ എന്ന നിലയില്‍ അവരുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ കേസില്‍ നിര്‍ണായകമാകുമെന്നും അവര്‍ കരുതുന്നു.

അതേസമയം ആരുടെയെങ്കിലും സ്വാധീനത്തിലാണോ വെളിപ്പെടുത്തല്‍ എന്നതാണ് ഉയരുന്ന ചോദ്യം?.
എന്തടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്?. ദിലീപിന് വെള്ളപൂശാനാണോ ശ്രമം.?
എന്തുകൊണ്ട് ഈ കേസിനെപ്പറ്റിമാത്രം വെളിപ്പെടുത്തല്‍ നടത്തുന്നത്?

എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരേ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് ശ്രീലേഖയുടെ മൊഴിയെടുക്കും. പരാമര്‍ശം അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെയും കോടതിയില്‍ നടന്നുവരുന്ന വിചാരണനടപടിയെയും ബാധിക്കുമെന്ന് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.

pathram:
Leave a Comment