സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 45,573 കുട്ടികളുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 45,573 കുട്ടികളുടെ കുറവ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 15,380, എയ്ഡഡ് സ്‌കൂളുകളില്‍ 22,142 കുട്ടികളുടെ കുറവാണുള്ളത്. അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 8051 കുട്ടികള്‍ കുറഞ്ഞതായും മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെ മുന്‍വര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 3,48,741 കുട്ടികളായിരുന്നു. ഇത്തവണ 3,03,168. ജനസംഖ്യാനുപാതികമായ കുറവുകൂടാതെ കോവിഡിനുശേഷം കുട്ടികള്‍ ഇതര സിലബസുകളിലേക്കു ചേക്കേറിയതും എണ്ണം കുറയാന്‍ കാരണമായതായി കരുതുന്നു.

ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയതാണ് കണക്കുകള്‍. ഇത്തവണ ആറാം പ്രവൃത്തിദിനം കണക്കുകള്‍ ശേഖരിച്ചിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല.

ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 45,519 പേരുടെ കുറവുണ്ട്. എന്നാല്‍, രണ്ടുമുതല്‍ 10 വരെ ക്ലാസുകളില്‍ കുട്ടികള്‍ വര്‍ധിച്ചു. പത്തോ അതില്‍ കുറവോ കുട്ടികള്‍ പഠിക്കുന്ന 40 സര്‍ക്കാര്‍ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമുണ്ടെന്നും മന്ത്രി അറിയിച്ചു.

അഞ്ചും എട്ടും ക്ലാസുകളിലാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് എത്താറുള്ളത്. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഞ്ചാംക്ലാസില്‍ 7134 കുട്ടികളുടെ കുറവ് വന്നിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ പത്താംക്ലാസില്‍ 669 കുട്ടികള്‍ കുറഞ്ഞു.

ജന്മദിനത്തില്‍ പോലും ഉപദ്രവം; ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.

pathram:
Related Post
Leave a Comment