വിജയം അനിവാര്യമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 169-6, ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87/9.
170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മത്സരത്തിൽ ഒരിക്കൽ പോലും ആധിപത്യം പുലർത്താനായില്ല. ആവേശ് ഖാന്‍റെ പന്ത് കൈയില്‍ കൊണ്ട് പരിക്കേറ്റ ക്യാപ്റ്റന്‍ ടെംബാ ബാവുമ(8) ബാറ്റിംഗ് തുടരാനാകാതെ മടങ്ങിയത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. ഡ്വയിന്‍ പ്രിട്ടോറിയസ് (0), ക്വിന്‍റണ്‍ ഡീ കോക്ക്(14), ക്ലാസൻ(8), ഡേവിഡ് മില്ലർ(9) എന്നിവർ നേരത്തെ മടങ്ങിയത് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ആവേശ് ഖാന്‍ നാല് വിക്കറ്റെടുത്തു. ചാഹൽ രണ്ട് വിക്കറ്റും, ഹര്‍ഷല്‍ പട്ടേല്‍, അക്സര്‍ പട്ടേല്‍ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്ത് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുങ്കി എൻഗിഡി രണ്ട് വിക്കറ്റെടുത്തു.
Leave a Comment