വോഡഫോണ്‍ ഐഡിയയ്ക്കും (വി), ഭാരതി എയര്‍ടെലിനും ബാങ്ക് ഗാരന്റി തിരികെ നല്‍കിയെന്ന് സ്ഥിരീകരിച്ച് ടെലികോം വകുപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏകദേശം 15,000 കോടി രൂപ വോഡഫോണ്‍ ഐഡിയയ്ക്കും 7000-8000 കോടി രൂപ എയര്‍ടെലിനും തിരികെ നല്‍കിയിട്ടുണ്ട്.
മുമ്പ് നടന്ന സ്‌പെക്ട്രം ലേലങ്ങളിലെ കുടിശികയില്‍ കമ്പനികള്‍ നാല് വര്‍ഷത്തെ മൊറട്ടോറിയം തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ബാങ്ക് ഗാരന്റി തിരികെ നല്‍കിയത്.
വലിയ സാമ്പത്തിക ഞെരുക്കം നേരിടുന്ന വോഡഫോണ്‍ ഐഡിയയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് ഈ നീക്കം. ജിയോയുമായും എയര്‍ടെലുമായി മത്സരിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയും മറ്റ് വികസന ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഈ പണം പ്രയോജനപ്പെടുത്താന്‍ കമ്പനിയ്ക്കാവും. അടുത്തിടെ പ്രമോട്ടര്‍ സ്ഥാപനങ്ങള്‍ വഴി വോഡഫോണ്‍ ഐഡിയ ഫണ്ട് സമാഹരണംനടത്തിയിരുന്നു. ഇത് കൂടാതെ പുറത്തുനിന്നുള്ള നിക്ഷേപകരില്‍നിന്നു 10,000 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വിയേക്കാള്‍ ഭേദമാണെങ്കിലും എയര്‍ടെലിന്റെയും സാഹചര്യവും ഇതുതന്നെയാണ്.
ബാങ്ക് ഗാരന്റി തിരികെ നല്‍കിയെങ്കിലും അടുത്ത പെയ്‌മെന്റ് തീയ്യതിക്ക് 13 മാസം മുമ്പ് കമ്പനികള്‍ അവ പുതുക്കി നല്‍കേണ്ടിവരും. എങ്കിലും അതിന് ഇനിയുമേറെ സമയമുണ്ട്. 5ജി ലേലവും താമസിയാതെ നടക്കാന്‍ പോവുകയാണ്. അതുകൊണ്ടു തന്നെ ലേലത്തിന് ആവശ്യമായ തുക കണ്ടെത്താനും തിരികെ ലഭിച്ച ബാങ്ക് ഗാരന്റികള്‍ കമ്പനികളെ സഹായിക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും, നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ സാഹചര്യത്തിലാണ് അന്നുവരെ രണ്ട് കമ്പനികളായിരുന്ന വോഡഫോണും ഐഡിയയും തമ്മില്‍ ലയിച്ച് ഒറ്റ കമ്പനിയായി മാറിയത്.
സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും ടെലികോം വകുപ്പ് അധികൃതര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
ഒടുവിൽ ക്രിസ്റ്റ്യാനോ രക്ഷപെട്ടു
വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു
Leave a Comment