അതൊന്നും ഇവിടെ ചെലവാകില്ല; ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും വിരട്ടല്‍ ഇങ്ങോട്ട് വേണ്ട; അതിനൊക്കെ വേറെ ആളെ നോക്കണം; തിരിച്ചടിച്ച് മുഖ്യമന്ത്രി

എന്തും വിളിച്ചു പറയാന്‍ സാധിക്കുന്ന ഒരു നിലയല്ല നമ്മുടെ നാട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെജിഒഎ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.സി ജോര്‍ജിന് പരോക്ഷ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ‘ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളില്‍ നാം കണ്ടു. വിരട്ടനൊക്കെ നോക്കി, അതങ്ങ് വെറെ വെച്ചാല്‍ മതി, അതൊന്നും ഇവിടെ ചെലവാകില്ല. ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തികളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവരുടെ പിന്നില്‍ ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകും. ജനം അതാണ് ആഗ്രഹിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.

പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല. ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായത്. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം തങ്ങളെ അധികാരത്തിലേറ്റിയത്. ‘ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. കൂടുതല്‍ കാര്യങ്ങള്‍ കെജിഒഎ വേദിയില്‍ പറയുന്നില്ല. ഇതെല്ലാം പറഞ്ഞത്കൊണ്ട് അങ്ങനെ ഇളക്കി കളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും – മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്‌ന പറുത്തുവിട്ട ശബ്ദരേഖ മുഴുവന്‍ കേള്‍ക്കാം… VIDEOS

ആര്‍എസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹിറ്റ്ലറേയാണ് ആര്‍എസ്എസും ബിജെപിയും മാതൃകയാക്കുന്നത്. അതവര്‍ പച്ചയായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഉണ്ടായതല്ല. മതമല്ല ഈ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനം. അത് മാറ്റിയെടുക്കുകയാണ്. വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാനാകില്ല. താത്കാലിക ലാഭത്തിന് വേണ്ടി വര്‍ഗീയ ശക്തികളുമായി കൂടാമെന്ന് വിചാരിച്ചാല്‍ അത് നാടിനും രാജ്യത്തിനും ആപത്ത് മാത്രമാണ് ഉണ്ടാക്കുക. മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന ശക്തികള്‍ക്ക് അധികാരമുണ്ടായിരുന്ന സ്ഥലങ്ങള്‍ ഇന്ന് ഇങ്ങനെ വര്‍ഗീയതയുടെ വിളനിലമായി മാറിയെന്ന് പരിശോധിക്കണം.

വര്‍ഗീയതയോട് മൃദുവായ സമീപനം, തൊട്ടുംതലോടലും എന്ന സമീപനമാണ് മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിനയായത്. തങ്ങള്‍ക്ക് പണ്ട് പറ്റിയത് അബദ്ധമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ..ഇല്ല, ഇപ്പോഴും അതേ നിലയാണ്. തഞ്ചം കിട്ടിയാല്‍ ചാടാന്‍ കാത്ത് നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ഒന്ന് വളരുമ്പോള്‍ മറ്റതിനേയും വളര്‍ത്തുകയാണ്. അത് നമ്മുടെ രാജ്യത്തിന്റേയും നാടിന്റേയും അനുഭവമാണ്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി മാത്രമേ ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ നാടിന്റെ പ്രത്യേകത സംരക്ഷിച്ച് പോകാന്‍ നാം മുന്നോട്ട് വരണം. വര്‍ഗീയ ശക്തികളെ എല്ലാം ഒരുമിച്ച് കൂട്ടാന്‍ മതനിരപേക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ തയ്യാറാകുന്നത് ആരെ പ്രോത്സാഹിപ്പിക്കാനാണ്. അവര്‍ക്കിതിന്റെ ആപത്ത് മനസ്സിലാകാത്തത് നിറഞ്ഞ് നില്‍ക്കുന്ന ഇടതുപക്ഷം ഉള്ളത് കൊണ്ടാണ്. നാട്ടില്‍ വര്‍ഗീയമായ എന്തെങ്കിലും പ്രശ്നം വന്നാലും ഇടതുപക്ഷം ചാടിവീഴും. നാടിന്റെ പൊതുവായ വികാരമാണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ കനത്ത സുരക്ഷാ കവചമാണ് മുഖ്യമന്ത്രിക്കും പരിപാടി നടക്കുന്ന മാമ്മന്‍ മാപ്പിള ഹാളിനും ഒരുക്കിയിരുന്നത്.

pathram:
Leave a Comment