മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിടുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്‌നയുടെ ഓഫിസും ഫ്‌ളാറ്റും പൊലീസ് വലയത്തിലാണ്.
ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയിൽ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.
ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷാജ് മുന്നറിയിപ്പ് നൽകിയതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് ഭീഷണിപ്പെടുത്തിയതിനാലാണ് സരിത്തിനെ കാണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചത്.
‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ല, എന്നായിരുന്നു ഭീഷണി. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കിൽ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിലടയ്ക്കുമെന്നും പറഞ്ഞു’– സ്വപ്ന പറഞ്ഞു.
ഷാജിന്റെ ഭീഷണി മാനസികമായി തളർത്തി. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോർഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാൻ സരിത്തിനെയും എച്ച്ആർഡിഎസിനെയും തള്ളിപ്പറഞ്ഞു– സ്വപ്ന പറഞ്ഞു.
സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിൽ നിന്ന്:
ഷാജ്: നിങ്ങൾ ഇതുവരെ റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ശിവശങ്കറിനെ ശിക്ഷിച്ചതുകൊണ്ട്, നിങ്ങൾ ഈ എൽക്കുന്ന പീഡനം കൊണ്ട് എന്തുകാര്യമാണുള്ളത്. വല്ല കാര്യവുമുണ്ടോ?. അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രിഗിള്‍ ചെയ്യുന്നുണ്ടെങ്കിൽ, എന്തോ വലിയ നേട്ടം കാണണം. അതല്ലെങ്കിൽ കീഴടങ്ങണം. ഒരു തുക വാങ്ങിയിട്ട് കീഴടങ്ങണം.
സ്വപ്ന: ആരുടെ കയ്യിൽനിന്ന് വാങ്ങിക്കാൻ?. ആരെ അറിയാം നമുക്ക്. തുക വാങ്ങണമെന്ന്. ആരെ അറിയാം.
ഷാജ്: ഇപ്പോൾ നിങ്ങൾ പറഞ്ഞതുകൊണ്ട് ആർക്കാണ് കേടുപാടുണ്ടായത്. ആവരിൽ നിന്ന് പണം വാങ്ങണം. നിങ്ങൾ എന്തിന് ഇത്രയും കാലം ജയിലിൽ പോയി, ചെയ്യാത്ത തെറ്റിന്. അതിനൊരു നഷ്ടപരിഹാരം വാങ്ങണം. നിങ്ങളെ വച്ച് വേറെരാൾ പണം വാങ്ങുന്നു. നിങ്ങളെ ശരിക്കും അവർ ബലിയാടായി കൊണ്ടുനടക്കുന്നു.
സ്വപ്ന: ഞങ്ങളെ വച്ച് പണം വാങ്ങുന്നുവെന്നാണോ പറയുന്നത്.
ഷാജ്: ഉറപ്പാണ്. ഞാൻ ഇന്നലെ രാത്രി വരെ കരുതി നിങ്ങളാണ് അതു ചെയ്യുന്നതെന്നാണ്. ഇന്നുരാവിലെയാണ് മനസ്സിലായത്. ഇപ്പോൾ എഡിജിപി വിളിച്ചില്ലെ. നാളെ പോയി കാണും. സർ ഇങ്ങയൊക്കയാണ് പ്രശ്നങ്ങൾ എന്നു പറയും. അവർ നിങ്ങളെക്കുറിച്ച് നല്ലവാക്കു പറയും. യാത്രാവിലക്ക് മാറ്റി തരാനും പറയും. യാത്രാവിലക്ക് മാറ്റിതരാൻ ഞാൻ നേരത്തെ ശ്രമിച്ചു. അതിന്റെ ആളുകളോട് സംസാരിച്ചു.
സ്വപ്ന: എന്റെ യാത്രാവിലക്ക് മാറ്റിതരാൻ ഷാജ് ശ്രമിക്കുന്നുവെന്നാണോ പറയുന്നത്. എന്നാൽ അതിന്റെ ആവശ്യം നമുക്കില്ല. എല്ലാവർക്കും കിട്ടി പാസ്പോർട്ട്. എല്ലാവരും പോയി.
ഷാജ്: പക്ഷേ, നിങ്ങൾക്ക് കിട്ടിയില്ലല്ലോ?. നൂറു ശതമാനം ഉറപ്പുണ്ട് കിട്ടുമെന്ന്. അത് വിടൂ. ഇപ്പോഴത്തെ കേസ് അതല്ലല്ലോ?. നമുക്ക് പ്രശ്നത്തിലേക്ക് വരാം. നിങ്ങൾ ഇപ്പോൾ കാണിക്കുന്നതിന്റെ സൊലൂഷന്‍ എന്താണ്. പോരാടാനാണോ തീരുമാനം? പോരാടിയിട്ട് എന്തുനേടും.
സ്വപ്ന: നാളെ രാവിലെ 10ന് അവിടെ എത്തിയാൽ പോരെ. എത്തുമ്പോൾ ഷാജിന്റെ ഫോണിൽ നിന്ന് വിളിക്കാമെന്നല്ലെ പറഞ്ഞത്. ആ പത്തുമണിവരെ ബ്രീത്തിങ് ടൈം തരുമോ?
ഷാജ്: എത്തണം. നിങ്ങള്‍ ആലോചിച്ചോള്ളൂ. ഞങ്ങൾ ഇപ്പോൾ പോകുകയാണ്. ഈ കേസിന്റെ ബലം എന്താണെന്നറിയാമോ, നിങ്ങൾ രണ്ടുപേരും (സ്വപ്നയും സരിത്തും) ഒന്നിച്ചു നിന്നതാണ്. അത് ഇനിയും ഉണ്ടാവണം. ഒരാൾ ഒരാളായി തീരുമാനിക്കേണ്ട.
വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?
മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്നു സ്വപ്ന വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ സുഹൃത്തുകൂടിയായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരിക്കാനെത്തിയതെന്ന് സ്വപ്നയും സരിത്തും ആവർത്തിച്ചിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരൺ പല തവണ സംസാരിച്ചു. തന്റെ ജീവനു ഭീഷണിയുള്ളതിനാലാണ് ശേഖരിച്ച തെളിവുകളെല്ലാം പുറത്തുവിടുന്നതെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾ ഷാജ് കിരൺ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നൽകിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.
keywords: Pressmeet of Kerala Gold Smuggling Accused Swapna Suresh.
Leave a Comment