ഉയര്‍ന്ന കൊളസ്ട്രോള്‍ ശരീരത്തിന്‍റെ മൂന്നിടങ്ങളില്‍ വേദനയ്ക്ക് കാരണമാകാം

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മാത്രമല്ല ശരീരത്തില്‍ പലയിടങ്ങളിലായി വേദനയുണ്ടാക്കാനും ഉയര്‍ന്ന കൊളസ്ട്രോളിന് സാധിക്കും. കൊളസ്ട്രോള്‍ രക്തധമനികളില്‍ ഉണ്ടാക്കുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്(പിഎഡി) ആണ് വേദനയ്ക്ക് കാരണമാകുന്നത്.

രക്തധമനികളുടെ ഭിത്തികളില്‍ കൊളസ്ട്രോള്‍ അടിയുന്നതിനെ തുടര്‍ന്ന് ധമനികള്‍ ചുരുങ്ങുന്ന അവസ്ഥയാണ് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്. ഇത് കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇടുപ്പിലും തുടകളിലും കാലിന്‍റെ പിന്‍ഭാഗത്തുള്ള പേശികളിലും വേദനയുണ്ടാക്കാന്‍ പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന് സാധിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. നടക്കുമ്പോഴോ, പടി കയറുമ്പോഴോ, വ്യായാമം ചെയ്യുമ്പോഴോ ഒക്കെ ഈ വേദന പ്രത്യക്ഷപ്പെടാം. ആ പ്രവൃത്തി നിര്‍ത്തുന്നതോടെ വേദനയും അപ്രത്യക്ഷമാകുന്നു.

ഇടുപ്പിലെയും തുടയിലെയും കാലിന് പിന്‍ഭാഗത്തെയും വേദനയ്ക്ക് പുറമേ കാലിന് ദുര്‍ബലത, തരിപ്പ്, കാലിലെ ഉണങ്ങാത്ത മുറിവ്, കാലിന്‍റെ നിറത്തിലുണ്ടാകുന്ന വ്യത്യാസം, മുടികൊഴിച്ചില്‍, മുടിയുടെയും നഖത്തിന്‍റെയും വളര്‍ച്ചക്കുറവ്, പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്നം, കാലില്‍ കോച്ചിപ്പിടുത്തം എന്നിവയും പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് മൂലമുണ്ടാകാം.

റെഡ് മീറ്റിലും പാലുത്പന്നങ്ങളിലും കാണപ്പെടുന്ന സാച്ചുറേറ്റഡ് കൊഴുപ്പിന്‍റെ അളവ് കുറച്ചും, ട്രാന്‍സ്ഫാറ്റ് ഒഴിവാക്കിയും, ഒമേഗ-3 ഫാറ്റി ആസിഡിന്‍റെയും നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്‍റെയും അളവ് വര്‍ധിപ്പിച്ചും, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കിയും, ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെട്ടും ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറച്ച് കൊണ്ട് വരാവുന്നതാണ്.

pathram desk 1:
Related Post
Leave a Comment