കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി ട്വന്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയില്‍ മുന്നണികള്‍ക്കെതിരെ ആപ്-ട്വന്റി ട്വന്റി സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു.
‘സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്’. അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി ട്വന്റിയും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും ഇരു പാര്‍ട്ടികളും അറിയിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ഇന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സാധാരണ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നാണ് എഎപി വിശദീകരണം. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും എന്‍.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേരളം സന്ദര്‍ശിക്കുമെന്നും എഎപി നിരീക്ഷന്‍ പറഞ്ഞു. വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സര്‍വേയില്‍ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് തീരുമാനം. തൃക്കാക്കരയില്‍ ആര്‍ക്കെങ്കിലും പിന്തുണ നല്‍കണോ എന്ന കാര്യം 15ന് ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എന്‍.രാജ പറഞ്ഞു.
Leave a Comment