ചരിത്രം കുറിക്കാന്‍ തൃശൂര്‍ പൂരം; ഇതുവരെയില്ലാത്ത മാറ്റങ്ങള്‍…

ഇത്തവണത്തെ തൃശ്ശൂര്‍ പൂരം സ്ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. കുടമാറ്റം അടുത്ത് നിന്ന് കാണാന്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ 300 വനിതാ പോലീസുകാര്‍ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. സ്വരാജ് റൗണ്ടില്‍ 5 ബുള്ളറ്റ് പെട്രോള്‍ ടീം റോന്ത് ചുറ്റുമെന്നും മന്ത്രി അറിയിച്ചു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ സഹായിക്കാന്‍ 7 വാഹനങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാവും. നഗരത്തിലെത്തുന്ന സ്ത്രീകളെ സഹായിക്കാനും സംവിധാനമുണ്ടാക്കും. 1515 നമ്പറില്‍ വിളിച്ചാല്‍ എല്ലാ സഹായത്തിനും പിങ്ക് പോലീസുണ്ടാകുമെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കാണാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഇക്കുറി ഒരുക്കുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ പറഞ്ഞു. പോലീസ് കണ്‍ട്രോള്‍ റൂമിന് പുറകില്‍ ശൗചാലയങ്ങള്‍ ഒരുക്കും. 50 വനിതാംഗങ്ങളെ ഉള്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ് ഫോഴ്‌സിനെയും തയ്യാറാക്കിയിട്ടുണ്ടെന്ന് ഹരിത വി.കുമാര്‍ അറിയിച്ചു. പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി 600 സിസിടിവികള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസിന്റെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ എത്തും. ഇതിനുപുറമേ 100 സിസിടിവികള്‍ പൂരപ്പറമ്പില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment