സന്തോഷ ‘പെരുന്നാള്‍’..!! ബംഗാളിനെ തകര്‍ത്ത് കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം

ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ 5 – 4 എന്ന സ്‌കോറില്‍ മറികടന്നാണ് കേരളം ഏഴാം തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്.

നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1–1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. ഗോള്‍ അകന്നുനിന്ന ഇരു പകുതികള്‍ക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലില്‍, 97–ാം മിനിറ്റില്‍ ദിലീപ് ഓര്‍വാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ ബിബിന്‍ അജയന്‍ കേരളത്തിനായി ഗോള്‍ മടക്കി (1-1). ഇരു പകുതികളിലും മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും, ബംഗാള്‍ ഗോള്‍കീപ്പറുടെ ഉജ്വല സേവുകളും നിര്‍ഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

58ാം മിനിറ്റില്‍ ബംഗാള്‍ ഡിഫന്‍ഡര്‍മാരുടെ പിഴവില്‍നിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനല്‍റ്റി ബോക്‌സിനുള്ളില്‍നിന്ന് ടി.കെ. ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2–ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്‌സിനെ സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിന്‍ അജയനാണ് പകരം കളത്തിലിറങ്ങിയത്.

ആദ്യ പകുതിയില്‍, 18–ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ കിക്ക് ബംഗാള്‍ ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റില്‍ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോര്‍ജ് ഫൈനലിലും അണിനിരത്തിയത്.

കളിയുടെ ആദ്യ പകുതിയില്‍ ബംഗാള്‍ മികച്ചു നിന്നെങ്കിലും രണ്ടാം പകുതി മുതല്‍ കേരളം കളം പിടിക്കുകയായിരുന്നു. ബംഗാള്‍ ഗോളി പ്രിയന്‍ കുമാര്‍ സിംഗിന്റെ മികച്ച സേവുകളാണ് അതിഥികള്‍ക്ക് കളി അധിക സമയത്തേക്കും ടൈ ബ്രേക്കറിലേക്കും നീട്ടാനായത്.

pathram:
Leave a Comment