വൈദ്യുതി ക്ഷാമം രൂക്ഷം: മെട്രോയേയും ആശുപത്രികളേയും ബാധിച്ചേക്കും

ഡല്‍ഹി: കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ ഡല്‍ഹിയില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ആശുപത്രികള്‍, മെട്രോ ട്രെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളെ ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിന്റെ അടിയന്തര സഹായം അഭ്യര്‍ഥിച്ച ഡല്‍ഹി സര്‍ക്കാര്‍ പ്രതിസന്ധി വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചു. വൈദ്യുതിമന്ത്രി സത്യേന്ദ്ര ജെയിന്റെ നേതൃത്വത്തിലാണ് യോഗം.

ദാദ്രി-2, ഉഞ്ചാഹര്‍ പവര്‍ സ്‌റ്റേനുകളില്‍ നിന്നുള്ള വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയ്ക്ക്് ആവശ്യമുള്ള വൈദ്യുതിയില്‍ 25-30 ശതമാനവും ഇവിടെ നിന്നാണ് ലഭിച്ചിരുന്നത്. ഇതോടെ അത്യാവശ്യ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി വിതരണം ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയായിരുന്നുവെന്നും വൈദ്യുതി തടസ്സം നേരിടാതിരിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും എടുക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും മന്ത്രി പറഞ്ഞു.

ദാദ്രി-2, ഉഞ്ചാഹര്‍, കഹല്‍ഗോണ്‍, ഫറക്ക, ഝജ്ജാര്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് 1751 മെഗാവാട്ട് വൈദ്യുതിയാണ് ഡല്‍ഹിക്ക് പ്രതിദിനം ലഭിക്കുന്നത്. ദാദ്രി-2ല്‍ നിന്നുമാത്രം 728 മെഗാവാട്ട് ലഭിക്കുന്നുണ്ട്. ഉഞ്ചാഹറില്‍ നിന്നും 100 മെഗാവാട്ടുമാണ് ലഭിക്കുന്നത്.

കല്‍ക്കരി ക്ഷാമത്തിനു പുറമേ, കടുത്ത ചൂടും ഉഷ്ണതരംഗവും വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി.

pathram:
Leave a Comment