കൊച്ചി: പീഡനക്കേസ് പ്രതിയായ നിർമാതാവ് വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാൻ പൊലീസ് നീക്കം. പാസ്പോർട്ട് കണ്ടു കെട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
നിലവിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബു രാജ്യം വിട്ടില്ലെങ്കിൽ അതിനുള്ള ശ്രമം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം. നേരത്തെ വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന സമയങ്ങളിലും, സ്ഥലങ്ങളിലും വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്ന വാദം ഉയര്‍ത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.കോഴിക്കോട് സ്വദേശിനിയാണ് വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഈ മാസം 22 നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഒരു മാസത്തോളം വിജയ് ബാബുവിൽ നിന്നും ശാരീരികവും മാനസികവുമായി പീഡനം നേരിടേണ്ടി വന്നെന്നും മദ്യം നൽകി പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. തന്റെ നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ് ബാബു ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Leave a Comment