പുതിയ ചിത്രം ‘ബീസ്റ്റി’നു ലഭിച്ച സ്വീകാര്യതയിൽ അണിയറപ്രവർത്തകർക്കു വിരുന്ന് നൽകി വിജയ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, നായിക പൂജ ഹെഗ്‍ഡെ, നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ തുടങ്ങിയവരെല്ലാം വിജയ്‍യുടെ ക്ഷണപ്രകാരം എത്തിയിരുന്നു.
സംവിധായകൻ നെൽസന്റെ ഒരാഗ്രഹം കൂടിയാണ് വിജയ് സഫലീകരിച്ചത്. നേരത്തെ സൺടിവിയുമായുള്ള അഭിമുഖത്തിൽ ചിത്രത്തിന്റെ വിജയത്തിനു ശേഷം വിജയ്‍യുടെ വക ഡിന്നർ പാർട്ടി വേണമെന്ന ആഗ്രഹം നെൽസൺ പ്രകടിപ്പിച്ചിരുന്നു.
മറക്കാനാവാത്ത ഒരു വൈകുന്നേരമായിരുന്നു ഇതെന്നും വിജയ്‍യുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും നെല്‍സണ്‍ കുറിച്ചു. ബീസ്റ്റ് പോലൊരു ചിത്രം ചെയ്യാന്‍ അവസരം നല്‍കിയ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിനും ഉടമകളായ കലാനിധി മാരനും കാവ്യ മാരനും ഒപ്പം ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ച സഹപ്രവര്‍ത്തകര്‍ക്കും നെല്‍സണ്‍ നന്ദി അറിയിച്ചു. ഏറ്റവുമൊടുവിലായി, സ്നേഹവും പിന്തുണയും നല്‍കിയ പ്രേക്ഷകരോടും നെല്‍സണ്‍ നന്ദി അറിയിക്കുന്നു.
സിനിമയിൽ വീരരാഘവൻ എന്ന സ്പൈ ഏജന്റ് ആയാണ് വിജയ് എത്തിയത്. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിങ്സ്‌ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിങ് ആര്‍ നിര്‍മ്മല്‍.
Leave a Comment