കസ്റ്റഡി മരണക്കേസിൽ അവർ ഇടപെട്ടെന്നും ഊരിപ്പോന്നെന്നും മുൻപേ കേട്ടിരുന്നു’; അടക്കം പറഞ്ഞത് ഇനി പൊതുജനം അറിയട്ടേയെന്ന് അഡ്വ. ആശ ഉണ്ണിത്താൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തു വന്നത് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അഡ്വ. ആശ ഉണ്ണിത്താൻ. പലരും നേരത്തെ അടക്കം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുറത്തു വന്ന തെളിവുകളിൽ ജുഡീഷ്യറി നടപടിയെടുക്കുമോ എന്നത് വേറെ കാര്യമാണ് പക്ഷെ ജനങ്ങൾ ഇത് അറിയേണ്ടതുണ്ടെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജിയുടെ ഭർത്താവായ എക്‌സൈസ് ഉദ്യോഗസ്ഥൻ ജിജുവിന്റെ ലോക്കപ്പ് മർദ്ദന കേസിനെ പറ്റി മുമ്പ് കേട്ടിട്ടുണ്ടെന്നും ഈ വഴിക്കുള്ള സ്വാധീനം നടന്നിരിക്കാമെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.
സ്വാധീനിക്കപ്പെടാനുള്ള വഴികളെ പറ്റിയാണ് പറയുന്നത്. ജഡ്‍ജി സ്വാധീനിക്കപ്പെട്ടോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. കേസിലെ സ്വാധീനങ്ങൾ അന്വേഷിക്കാനുള്ള നിയമങ്ങളുണ്ട്. പക്ഷെ അത് ചെയ്യില്ല എന്ന് തീരുമാനിച്ച് വെച്ചിരിക്കുന്ന ആളുകളോട് എന്ത് പറയാനാണ്,’ ആശ ഉണ്ണിത്താൻ ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ സ്വാധീനിക്കാൻ വഴിയൊരുക്കുന്നതിന്റെ സുപ്രധാന ശബ്ദരേഖയാണ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചത്. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ശബ്ദരേഖയിൽ പറയുന്നത് കേൾക്കാം. പാവറട്ടി കസ്റ്റഡികൊലയേക്കുറിച്ചും കേസിൽ ആരോപണവിധേയനായ എക്‌സൈസ് ഉദ്യോഗസ്ഥൻ ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരൻ അനൂപിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ മുംബൈ ലാബിൽ നിന്നുള്ള കൂടുതൽ തെളിവുകളാണ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിരിക്കുന്നത്.
ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജി എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം. ലോക്കപ്പ് മർദ്ദന മരണത്തിൽ ഏറ്റവും കൂടുതൽ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ ‘സന്തോഷിനെ ‘അവർ’ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, ‘അവരുടെ’ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു’, എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പിൽ കേൾക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിർത്താൻ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണ ശകലം അവസാനിക്കുന്നത്.
Leave a Comment