ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകൾ ;അനൂപിന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകൾ. ജഡ്ജിയെ സ്വാധീനിക്കാൻ വഴിയൊരുക്കുന്നതിന്റെ സുപ്രധാന ശബ്ദരേഖ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ശബ്ദരേഖയിൽ പറയുന്നത് കേൾക്കാം. പാവറട്ടി കസ്റ്റഡിമരണത്തേക്കുറിച്ചും കേസിൽ ആരോപണവിധേയനായ എക്‌സൈസ് ഉദ്യോഗസ്ഥൻ ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരൻ അനൂപ് സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ മുംബൈ ലാബിൽ നിന്നുള്ള കൂടുതൽ തെളിവുകളാണ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിരിക്കുന്നത്.

ദിലീപിന്റെ കേസ് കൈമാറിയിട്ടുള്ള കോടതിയിലെ ജഡ്ജി എക്‌സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് അനൂപ് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം. ലോക്കപ്പ് മർദ്ദന മരണത്തിൽ ഏറ്റവും കൂടുതൽ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് അനൂപ് പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ ‘സന്തോഷിനെ ‘അവർ’ ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, ‘അവരുടെ’ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു’, എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പിൽ കേൾക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിർത്താൻ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.

അനൂപ് പറയുന്നത്ചേട്ടാ നമസ്‌കാരം..തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതൽ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മർദ്ദന മരണം എക്‌സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട് മൂപ്പരുടെ ഹസ്ബന്റാണ് സിഐ. അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവർ കോൺടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കൺഫ്യൂഷൻ ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെൻഷൻ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്നർത്ഥം.

pathram desk 1:
Related Post
Leave a Comment