നിർണായക കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ; കാർ വീട്ടിൽത്തന്നെയിട്ട് പൊലീസ്

കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽനിന്ന് നിർണായക കോടതി രേഖകൾ കണ്ടെത്തിയ സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്നും പൊലീസ് ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ കോടതി രേഖകൾ ഹാജരാക്കാനും പ്രത്യേക കോടതി നിർദേശിച്ചു. ചോദ്യം ചെയ്യാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

കോടതിയിൽ എത്തുന്ന തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലാർക്ക്, ശിരസ്തദാർ എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്. ദിലീപിന് നൽകാത്ത രഹസ്യമൊഴി ഉൾപ്പെടെയുള്ള രേഖകൾ ഫോണിൽ നിന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ ഫോണുകളുടെ ഫൊറൻസിക് പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി രേഖകൾ ചോർന്നെന്ന നിഗമനം. പകർപ്പ് എടുക്കാൻ അനുവാദമില്ലാത്ത രേഖകളാണ് ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തതെന്നും ആർക്കൊക്കെ ഇത് കൈമാറിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, വധഗൂഢാലോചന കേസിന്റെ ഭാഗമായി കഴിഞ്ഞദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കാർ ഇന്നലെയും കൊണ്ടുപോയില്ല. നിലവിൽ കേടായിക്കിടക്കുകയാണ് കാർ. മെക്കാനിക്കുമായി എത്തി അന്വേഷണ സംഘം തന്നെ ഇവിടെ നിന്നു കൊണ്ടുപോകും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കാർ നന്നാക്കി അന്വേഷണ സംഘത്തിനു കൈമാറാൻ ദിലീപിനോടു തന്നെ ആവശ്യപ്പെട്ടെന്നാണ് വിവരം.

pathram desk 1:
Leave a Comment