കെ-റെയില്‍: മൂന്ന് ജില്ലകളില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചു; സമയം നീട്ടിനല്‍കണമെന്ന് ആവശ്യം

കൊച്ചി: കെ-റെയില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഏജന്‍സിയുടെ കത്ത്. സര്‍വേ നിശ്ചിത സമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്നാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് കത്തില്‍ വ്യക്തമാക്കുന്നത്. സമയം നീട്ടി നല്‍കിയാല്‍ മെയ് പകുതിയോടെ സര്‍വേ പൂര്‍ത്തിയാക്കാമെന്നും ഏജന്‍സി സര്‍ക്കാരിനെ അറിയിച്ചു. കെ-റെയില്‍ അധികൃതര്‍ക്കും റവന്യു അധികാരികള്‍ക്കും സംയുക്തമായി സര്‍വേ കല്ലിടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ സാമൂഹികാഘാത പഠനം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് കേരള വൊളന്ററി ഹെല്‍ത്ത് സര്‍വീസ് റവന്യു വകുപ്പിനെ അറിയിച്ചിരിക്കുന്നത്. അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ മുഖേനയാണ് ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഇതില്‍ തിരുവനന്തപുരം, കാസര്‍കോഡ്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ ആദ്യം തന്നെ സര്‍വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതിഷേധം കാരണം ഇത് സാധ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ സമയം നീട്ടി നല്‍കണമെന്നാണ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സമയം നീട്ടി നല്‍കിയാല്‍ മെയ് രണ്ടാം വാരത്തോടെ പഠനം പൂര്‍ത്തിയാക്കുമെന്നും ഏജന്‍സി വ്യക്തമാക്കുന്നുണ്ട്.

അതേസമയം കടുത്ത പ്രതിഷേധം കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ കെ-റെയില്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സാമൂഹികാഘാത പഠനമാണ് നിര്‍ത്തിവെച്ചത്. രാജഗിരി കോളേജ് ഓഫ് സയന്‍സാണ് ഈ ജില്ലകളില്‍ പഠനം നടത്തിയിരുന്നത്.

pathram:
Related Post
Leave a Comment