പെട്രോളിനും ഡീസലിനും പുറമെ പാചകവാതകത്തിനും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം പെട്രോളിനും ഡീസിലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് ഡെലിവറി ചാര്‍ജുകളില്ലാതെ 956 രൂപ നല്‍കേണ്ടി വരും.

141 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ല്‍ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. ചൊവ്വാഴ്ചയോടെ ഉയര്‍ന്ന വില പ്രാബല്യത്തില്‍ വന്നു.

നവംബറില്‍ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയില്‍ വില.

Similar Articles

Comments

Advertismentspot_img

Most Popular