അതിക്രമത്തെ അതിജീവിച്ച നടിയുടെ അഭിമുഖം; ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും

ഇരയിൽ നിന്ന് അതിജീവിതയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി. സ്വയം പഴിച്ചിരുന്ന ദിനങ്ങളിൽ നിന്ന് പോരാടിയേ തീരൂ എന്ന മാനസികാവസ്ഥയിലേക്ക് എത്തിയതിനു പിന്നിലെ പിന്തുണ ചെറുതല്ലെന്നും കോടതി വിചാരണയ്ക്കിടയിലെ പതിനഞ്ചു ദിനങ്ങളാണ് അതിജീവിതയായി തിരിച്ചു വരാൻ കാരണമായതെന്നും നടി പറയുന്നു.

പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിലാണ് അതിജീവനകഥ പങ്കുവെച്ചിരിക്കുന്നത്. ആദ്യമായാണ് ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് നടി ക്യാമറയ്ക്ക് മുന്നിൽ മനസ്സു തുറക്കുന്ത്.

നടിയുടെ വാക്കുകളിലേക്ക്..

2017 ഫെബ്രുവരി പതിനേഴിനാണ് അത് സംഭവിക്കുന്നത്. എന്റെ ജീവിതമാകെ കീഴ്മേൽ മറിഞ്ഞതു പോലെയായിരുന്നു. എന്തുകൊണ്ടാണ് അത് സംഭവിച്ചത്, എന്തുകൊണ്ടാണ് എനിക്ക് സംഭവിച്ചത് എന്ന ചിന്തകളായിരുന്നു. 2015ൽ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അച്ഛൻ മരിച്ചില്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു, അടുത്ത ദിവസം ഷൂട്ട് ഇല്ലായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു എന്നിങ്ങനെ കുറേ ചോദ്യങ്ങൾ തേടി. അതു സംഭവിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസത്തിലേക്ക് പോയി എനിക്ക് സംഭവിച്ചതെല്ലാം മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കും. പെട്ടെന്ന് ഞാൻ അതിക്രമിക്കപ്പെട്ട നടിയും ഇര എന്ന ലേബലുമൊക്കെയായി.

ഓരോ തവണ അതേക്കുറിച്ച് ചിന്തിക്കുമ്പോഴും ലൂപ് പോലെ എവിടെ തുടങ്ങിയോ അവിടെ നിന്ന് ചിന്തിച്ച് എന്നെ തന്നെ കുറ്റപ്പെടുത്താൻ തുടങ്ങും. അതെന്റെ കുറ്റം കൊണ്ടാണ് എന്ന് ചിന്തിക്കാൻ തുടങ്ങും. അങ്ങനെയിരിക്കെയാണ് 2020ൽ വിചാരണ തുടങ്ങുന്നത്. കോടതിയിൽ പതിനഞ്ചു ദിവസത്തോളം പോവേണ്ടി വന്നു. ആ പതിനഞ്ചു ദിനങ്ങൾ വളരെ ട്രോമാറ്റിക് അനുഭവമായിരുന്നു. കോടതിയിൽ നിന്ന് വന്ന അവസാനത്തെ ദിവസം അതിജീവിതയായാണ് ഞാൻ തിരിച്ചുവന്നത്. അന്നാണ് ഞാൻ ഇനി ഒരു ഇരയല്ല അതിജീവിതയാണ് എന്ന് തിരിച്ചറിയുന്നത്. ഇതെനിക്കുവേണ്ടി മാത്രമല്ല എനിക്കു ശേഷം വരുന്ന പെൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ കൂടി വേണ്ടിയാണെന്ന് മനസ്സിലാവുന്നത്.

അഞ്ചുവർഷത്തെ യാത്ര വളരെ കഠിനമായിരുന്നു. എന്തെങ്കിലും സംഭവിക്കുമ്പോൾ ഉടൻ ചാനലിൽ ചർച്ചകളും മറ്റും വരും. 2017ൽ ഇത് സംഭവിക്കുമ്പോൾ എന്നെ കൂടെ നിന്ന് പിന്തുണച്ച നിരവധി പേരുണ്ട്. അതോടൊപ്പം തന്നെ മറ്റൊരു വിഭാ​ഗവുമുണ്ടായിരുന്നു. അവർ ചാനലിലിരുന്ന് എന്നെക്കുറിച്ച് സംസാരിക്കും. അവർക്കെന്നെ അറിയുക പോലുമില്ല. അവൾ അങ്ങനെ ചെയ്തിരുന്നു, രാത്രിയിൽ സഞ്ചരിക്കരുതായിരുന്നു, രാത്രി വെറും ഏഴുമണിക്ക് നടന്ന സംഭവത്തെക്കുറിച്ചാണ് അവർ ഈ പറയുന്നത്. സംഭവിച്ചതിന് എന്നെ കുറ്റപ്പെടുത്തുകയാണ് അവരെല്ലാവരും.

സോഷ്യൽ മീഡിയയിലും നെ​ഗറ്റീവ് പിആർ വർക്കുകൾ നടന്നിരുന്നു. ഞാൻ കെട്ടിച്ചമച്ചതാണെന്നും വരുത്തിത്തീർത്താണെന്നുമൊക്കെ. അതെല്ലാം വളരെ വേദനാജനകമായിരുന്നു. ഞാനൊന്ന് നിവർന്ന് നിന്ന് വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുമ്പോൾ ഇവ വീണ്ടും എന്നെ തളർത്തും. ചിലപ്പോഴൊക്കെ എനിക്ക് അലറി വിളിക്കണമെന്നു തോന്നും. എന്റെ മാതാപിതാക്കൾ എന്നെ അങ്ങനെയല്ല വളർത്തിയത്. അതെന്റെ മാതാപിതാക്കൾക്കും കുടുംബത്തിനുമുള്ള ഇൻസൽട്ടാണ്. എന്റെ ആത്മാഭിമാനം തട്ടിയെറിയപ്പെട്ടതുകൂടാതെ വിക്ടിം ഷെയിം ചെയ്യപ്പെടുകയുമായിരുന്നു. ഭാ​ഗ്യം കൊണ്ട് ആ സമയത്ത് ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ലായിരുന്നു. അതുകൊണ്ട് അത്രയും ടോക്സിസിറ്റി നേരിടേണ്ടി വന്നില്ല. 2019ലാണ് ഞാൻ ഇൻസ്റ്റ​ഗ്രാമിൽ വരുന്നത്. അപ്പോൾ പോലും നാണമില്ലേ, കിട്ടിയതിന് അനുഭവിക്കും, പോയി മരിച്ചുകൂടേ എന്നുള്ള മെസേജുകൾ വന്നിരുന്നു. ജനുവരിയിൽ പോസ്റ്റ് ചെയ്യുമ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ചും കൂടെ നിന്നവരെക്കുറിച്ചും കുറിക്കണമെന്നു തോന്നി.

മാനസികമായി വളരെ തളർന്നിരിക്കുന്ന സമയത്ത് എനിക്കിതെല്ലാം നിർത്തണമെന്നു തോന്നും, ഇനിയിതൊന്നും വേണ്ട എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ സാധാരണ ജീവിതം നയിച്ചാൽ മതിയെന്നു തോന്നും. പക്ഷേ അപ്പോഴും പോരാടണമെന്നും ഞാൻ നിരപരാധിയാണെന്ന് തെളിയിക്കണമെന്നുമൊക്കെയുള്ള തോന്നലാണ് മുന്നോട്ടുനയിച്ചത്. കുടുംബവും സുഹൃത്തുക്കളും ഡബ്യുസിസിയുമൊക്കെ നൽകിയ കരുത്താണ് ഞാൻ തെറ്റുകാരിയല്ലെന്ന് തെളിയിക്കണമെന്ന ബോ​ധം പകർന്നത്.

അവസാനം വരെ പോരാടാൻ തന്നെയാണ് തീരുമാനം. എനിക്ക് വളരെ പിന്തുണ നൽകുന്ന ഒരു കൂട്ടമുണ്ട്. ഭർത്താവ്, കുടുംബം, സുഹൃത്തുക്കൾ, പ്രേക്ഷകർ തുടങ്ങി എന്നോട് സ്നേഹവും പിന്തുണയും നൽകിയ നിരവധി പേരുണ്ട്. അവരോടൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. യാത്രകളിൽപ്പോലും ആളുകൾ വന്ന് പുണരുകയും അവർ പ്രാർഥിക്കുന്നുണ്ട്, എനിക്ക് നീതി ലഭിക്കുമെന്നൊക്കെ പറയുന്നത് മനസ്സിൽ തൊടും. അവരോടെല്ലാം നന്ദിയുണ്ട്.

തനിച്ചായെന്ന തോന്നൽ വന്നത് കോടതിയിലെ ആ പതിനഞ്ചു ദിനങ്ങളിലാണ്. രാവിലെ തുടങ്ങി വൈകുന്നേരം വരെ കോടതിയിലിരുന്ന് ഞാൻ നിരപരാധിയാണ് എന്ന് തെളിയിക്കാൻ, ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഞാനല്ല ഇവിടെ ഇരിക്കേണ്ടതെന്ന് വാദിക്കാൻ ഏഴോളം വിവിധ നിയമജ്ഞരുടെ ചോദ്യങ്ങളും വിചാരണയുമൊക്കെ നേരിട്ട സമയത്താണ് ഒറ്റപ്പെട്ടതുപോലെ തോന്നിയത്. കോടതിയിൽ നിരവധി പേരുണ്ട്. പക്ഷേ വീണ്ടും വീണ്ടും ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നു തെളിയിക്കാനിരുന്ന ആ ദിനങ്ങളാണ് ഞാൻ തനിച്ചാണ് എന്ന തോന്നൽ നൽകിയത്. അല്ലാതെ മറ്റു സമയത്തെല്ലാം എനിക്ക് അത്യധികം പിന്തുണയാണ് ലഭിച്ചിട്ടുള്ളത്.

എല്ലാ ദിനവും ശാക്തീകരിക്കപ്പെട്ടതായും പോരാടാനുള്ള മനസ്സോടെയും അല്ല ഞാനുണ്ടാകാറുള്ളത്. പലപ്പോഴും മറ്റൊരു രാജ്യത്തിലേക്ക് പോയി പുതിയൊരു ജീവിതം തുടങ്ങാനൊക്കെ തോന്നിയിട്ടുണ്ട്. ട്രോമയെ അതിജീവിച്ചവർ അതേക്കുറിച്ച് പൊതുസമൂഹത്തിൽ തുറന്നു പറയാൻ തയ്യാറാവുന്നതിനെ നോർമലൈസ് ചെയ്യുകയാണ് വേണ്ടത്. കടന്നുപോയ ആഘാതത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകളിൽ നിന്ന് ലഭിച്ച സന്ദേശങ്ങളും പ്രതികരണങ്ങളുമൊക്കെ കണ്ട് സങ്കടപ്പെടുകയും ഞെട്ടുകയും ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് പലരും പറയുകയുണ്ടായി. ജീവിതത്തെയും കരിയറിനെയും സന്തോഷത്തെയും മാനസികാരോ​ഗ്യത്തെയുമൊക്കെ ബാധിക്കുമെന്ന് കരുതി തുറന്നു പറയാൻ ഭയമുള്ളവരുണ്ട്. ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും.

pathram:
Related Post
Leave a Comment