തിരുവനന്തപുരം: കെ-റെയിലിനുവേണ്ട കരിങ്കല്ലും നിർമാണസാമഗ്രികളും അയൽസംസ്ഥാനങ്ങളിൽനിന്ന് റെയിൽമാർഗം എത്തിക്കുമെന്ന് കെ-റെയിൽ എം.ഡി. വി.അജിത് കുമാർ പറഞ്ഞു. നിയമസഭാ സമാജികർക്കായി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ എം.എൽ.എ.മാർ യോഗത്തിൽ പങ്കെടുത്തില്ല.
തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നും സൗജന്യനിരക്കിൽ നിർമാണസാമഗ്രികൾ എത്തിക്കാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ടെന്ന് എം.ഡി. വ്യക്തമാക്കി. കരിങ്കൽ, മണൽ എന്നിവ ഉൾപ്പെടെയുള്ള നിർമാണസാധനങ്ങൾ എത്തിക്കേണ്ട ചുമതല കരാറുകൾ ഏറ്റെടുക്കുന്നവർക്കാണ്. അവർക്ക് വേണമെങ്കിൽ തമിഴ്‌നാട്ടിൽനിന്നോ ഇവിടെനിന്നോ ഉത്പന്നങ്ങൾ വാങ്ങാം. ഗതാഗതച്ചെലവ് കെ-റെയിൽ വഹിക്കും -അജിത്കുമാർ പറഞ്ഞു.
സംസ്ഥാനത്തെക്കാൾ വിലക്കുറവിൽ തമിഴ്‌നാട്ടിൽനിന്ന് കല്ലെത്തിക്കും. 15,000 രൂപയ്ക്ക് സംസ്ഥാനത്ത് കിട്ടുന്ന കരിങ്കല്ല് 6000 രൂപയ്ക്ക് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ ലഭിക്കും. താരതമ്യേന കുറഞ്ഞനിരക്കിൽ ഇവ സംസ്ഥാനത്ത് എത്തിക്കാനാകും.
അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതിച്ചെലവ് ഉയരും. വർഷം 3500 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. രണ്ടുവർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചുറീച്ചായി തിരിച്ച് ഒരേസമയം നൂറിലധികം മേഖലകളിൽ നിർമാണം നടക്കും -അജിത്കുമാർ പറഞ്ഞു.
ട്രാക്കിന് സമീപത്ത് അഞ്ചുമീറ്ററിനുള്ളിൽ മാത്രമേ നിർമാണത്തിന് വിലക്കുള്ളൂ. ട്രാക്കിന് പരമാവധി 25 മീറ്റർ സ്ഥലം വേണ്ടിവരും. പാളത്തിനുള്ള മൺതിട്ടകൾ ഒരിക്കലും വെള്ളമൊഴുക്ക് തടസ്സപ്പെടുത്തില്ല. പാളത്തിന് അടിയിലൂടെ വെള്ളമൊഴുകിപ്പോകാനുള്ള കലുങ്കുകളുണ്ടാകും. റോഡിലെ അപകടനിരക്കും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സിൽവർലൈനിന് കഴിയും.
കേന്ദ്രവുമായുള്ള സംയുക്തപദ്ധതിയായതിനാൽ ഡി.പി.ആറിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. തികച്ചും പാരിസ്ഥിതിക സൗഹൃദമായ പദ്ധതിയാണെന്ന് കെ-റെയിൽ എം.ഡി. വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.രാജൻ, എം.വി.ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, വി.അബ്ദുറഹ്‌മാൻ, ആർ.ബിന്ദു തുടങ്ങിയവരും ഭരണപക്ഷ എം.എൽ.എ.മാരും വിശദീകരണയോഗത്തിൽ പങ്കെടുത്തു.
Leave a Comment