‘ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ല; പാതിവെന്ത സത്യങ്ങള്‍കൊണ്ട് കോടതിയെ വിമര്‍ശിക്കരുത്’

കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഫോണ്‍ ഹാജരാക്കാത്തത് നിസ്സഹകരണമല്ലെന്നും ജാമ്യഹര്‍ജിയിലെ വിധിയില്‍ പറയുന്നു.

പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ഇല്ല. ഒരു ഫോണ്‍ ഹാജരാക്കാത്തത് പ്രതികളുടെ നിസ്സഹകരണമായി കണക്കാക്കാനാവില്ല. മറ്റു ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിക്കെതിരേ പൊതുസമൂഹത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ഹൈക്കോടതി മറുപടി നല്‍കിയിട്ടുണ്ട്. കോടതി നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പാതിവെന്ത സത്യങ്ങള്‍വെച്ച് കോടതിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള ആറുപ്രതികള്‍ക്കാണ് തിങ്കളാഴ്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം എടുക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതികള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അറസ്റ്റിന് വേണ്ടി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

pathram:
Related Post
Leave a Comment