ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. പ്രധാനപ്രതി ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജിഷ്ണുവിന്റെ മാതാവിന് ബീവറേജസ് കോര്‍പ്പറേഷന്റെ റം നിര്‍മാണശാലയില്‍ ഉള്ള ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് കരുതുന്നത്. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

പിടിയിലായ പ്രതികളെ ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ കേസില്‍ പ്രതിയാക്കപ്പെട്ടതോടെയാണ് ആസൂത്രിതമായ കൊലപാതകമാണ് എന്ന തീരുമാനത്തിലേക്ക് പോലീസെത്തിയത്. മോഷണം ഉള്‍പ്പടെ ആറോളം കേസുകളില്‍ പ്രതിയായ ജിഷ്ണുവും ഫൈസലും ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടത്. സമീപകാലത്ത് ഇരുവരും ജയില്‍ മോചിതരായിരുന്നു.

കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കൊലപാതകമെന്നുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സന്ദീപിന്റെ വീടിന് സമീപത്തുള്ള ജനവാസ മേഖലയില്‍ തന്നെയാണ് കൊലപാതകം നടന്നത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവര്‍ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മറ്റൊരു പ്രതിയായ വേങ്ങല്‍ സ്വദേശിയായ അഭിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

സന്ദീപിനെ ആക്രമിക്കുന്നതിന് മുന്‍പ് സമീപത്തെ കടയില്‍ പ്രതികള്‍ ആക്രമണം നടത്തിയതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ സന്ദീപും സുഹൃത്തുക്കളും സ്ഥിരമായി ഇരിക്കാറുള്ള കലുങ്കിനടുത്ത് വെച്ച് സന്ദീപിനെ ആക്രമിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അവിടെയിട്ടും അക്രമികള്‍ വെട്ടി. അക്രമികള്‍ പിന്‍വാങ്ങിയ ശേഷം സുഹൃത്തുക്കള്‍ ഇരുചക്ര വാഹനത്തിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.

സിപിഎം നേതാവിന്റെ കൊലപാതകം: നാലുപേര്‍ കസ്റ്റഡിയില്‍

pathram:
Leave a Comment