തിരുവല്ല: തിരുവല്ലയില്‍ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസല്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഈ കേസിലുണ്ടായിരുന്നു.
പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതില്‍ മറ്റുചിലര്‍ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിന്‍വാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്.ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. എന്നാല്‍, ബി.ജെ.പി.ക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ പങ്കില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു.
Leave a Comment