ഒരിക്കൽ കോവിഡ് വന്നവർ ഒമിക്രോൺ വകഭേദത്തെ കൂടുതൽ സൂക്ഷിക്കണം

ജോഹാന്നസ്ബര്‍ഗ്: ഒരിക്കൽ കോവിഡ് വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത (re-infection) ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന് പ്രാഥമിക പഠനം.

ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്‍റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തിൽ പരാമർശമുണ്ട്‌. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.

എന്നാല്‍, പഠനത്തിന് വിധേയരായ വ്യക്തികള്‍ വാക്സിന്‍ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകര്‍ക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ വാക്‌സിന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളില്‍ 35,670 പേര്‍ക്ക് ഒരിക്കല്‍ വന്നുപോയ ശേഷം വീണ്ടും അണുബാധയുണ്ടായതായി സംശയിക്കുന്നുണ്ട്.

മൂന്ന് തരംഗങ്ങളിലും ആദ്യം അണുബാധയുണ്ടായ വ്യക്തികളില്‍ അടുത്തിടെ വീണ്ടും അണുബാധ ഉണ്ടായിട്ടുള്ളതായി വിവരങ്ങളുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ഡിഎസ്‌ഐ-എന്‍ആര്‍എഫ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ എപ്പിഡെമിയോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പുള്ളിയം വ്യക്തമാക്കി.

pathram:
Leave a Comment