ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് എന്ന കമ്പനിയെയും ഇവർ നൽകിയതിൽ ഉപയോഗിക്കാതെ ബാക്കിയായ ശർക്കര വാങ്ങിയ തൃശ്ശൂരിലെ സൗതേൺ അഗ്രോ ടെക്കിനെയും കക്ഷിചേർക്കാനാണ് നിർദേശം. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

മഹാരാഷ്ട്രയിലെ എസ്.പി.ഷുഗർ ആൻഡ് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകുന്ന ശർക്കരയാണ് നിലവിൽ അപ്പം അരവണ തയ്യാറാക്കാൻ ഉപയോഗിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.കെ. കുമാർ ഫയൽചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

എന്താണ് ഹലാൽ അർത്ഥമാക്കുന്നതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷൻബെഞ്ച് ഹർജിക്കാരനോട് ആരാഞ്ഞു. ഒരു സമുദായത്തിന്റെ ആചാരത്തിന്റെ ഭാഗമാണിതെന്ന് അഭിഭാഷകൻ വിശദീകരിച്ചു. ഇക്കാര്യം വ്യക്തമായ തെളിവുകളോടെ ഉന്നയിക്കണമെന്ന് കോടതി നിർദേശിച്ചപ്പോൾ വിഷയത്തെ ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. ആരോപണം ഉന്നയിക്കുമ്പോൾ ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി വിഷയം വിശദമായി പരിശോധിക്കുമെന്നും പറഞ്ഞു. എന്താണ് ഹലാൽ എന്ന് പരിശോധിച്ച് അറിയിക്കാൻ സർക്കാർ, ദേവസ്വം അഭിഭാഷകരോടും കോടതി നിർദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular