ശാസ്ത്രിയേപ്പോലെ ‘ഇന്ത്യ ഏറ്റവും മികച്ച ടീമാ’ണെന്നൊന്നും ദ്രാവിഡ് പറയില്ല: ഗംഭീർ

ന്യൂഡൽഹി: സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരവും എംപിയുമായ ഗൗതം ഗംഭീർ. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമാണെന്ന രവി ശാസ്ത്രിയുടെ പഴയ പ്രസ്താവനയുടെ പേരിലാണ് ഗംഭീറിന്റെ വിമർശനം. ഇത്തരം നിലവാരമില്ലാത്ത പരാമർശങ്ങളും അവകാശവാദങ്ങളും പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡ‍ിൽനിന്ന് ഉണ്ടാകില്ലെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. ദ്രാവിഡും മറ്റുള്ളവരും തമ്മിലുള്ള പ്രധാന വ്യത്യാസവും അതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ദയനീയ പ്രകടനത്തോടെയാണ് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെ കാലാവധി പൂർത്തിയായത്. ഇതിനു പിന്നാലെയാണ് മുൻപ് ഇന്ത്യ എ ടീമിന്റെയും ജൂനിയർ ടീമുകളുടെയും പരിശീലകനായിരുന്ന ദ്രാവിഡിന് സീനിയർ ടീമിന്റെ ചുമതല നൽകിയത്.

മുൻപ് ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയതിനു പിന്നാലെ വിരാട് കോലിയേയും സംഘത്തെയും 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമുമായും ശാസ്ത്രി താരതമ്യം ചെയ്തിരുന്നു. ഇത്തരം താരതമ്യങ്ങളും അഭിനന്ദനങ്ങളും വരേണ്ടിയിരുന്നത് മറ്റുള്ളവരിൽനിന്നാണെന്നും അല്ലാതെ ടീമിന്റെ പരിശീലകനിൽനിന്നല്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.

‘ഇത്തരമൊരു പരാമർശം പരിശീലകനായ ശാസ്ത്രിയിൽനിന്ന് വന്നത് ദയനീയമായിപ്പോയി. ഇത്തരം അവകാശവാദങ്ങൾ ദ്രാവിഡിൽനിന്ന് നാം കേൾക്കില്ല. അതാണ് ദ്രാവിഡും മറ്റുള്ളവരും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം’ – ഗംഭീർ പറഞ്ഞു.

‘ടീം വിജയിക്കുമ്പോൾ അതേക്കുറിച്ച് പറയാനും അഭിനന്ദിക്കാനും മറ്റുള്ളവർക്ക് അവസരം നൽകൂ. നമ്മുടെ ടീം ഓസ്ട്രേലിയയിൽ പരമ്പര നേടിയത് വലിയ കാര്യം തന്നെയാണ്. അതിൽ സംശയമില്ല. നിങ്ങൾ ഇംഗ്ലണ്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തുവെന്നതും സംശയമില്ലാത്ത കാര്യം തന്നെ. പക്ഷേ, അതേക്കുറിച്ച് നല്ലതു പറയേണ്ടതും പുകഴ്ത്തേണ്ടതും മറ്റുള്ളവരാണ്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

‘നോക്കൂ, ഇത്തരം അവകാശ വാദങ്ങളും സ്വയം പുകഴ്ത്തലുകളും ദ്രാവിഡിൽനിന്ന് പ്രതീക്ഷിക്കേണ്ട. ഇന്ത്യ ജയിച്ചാലും തോറ്റാലും അദ്ദേഹത്തിന്റെ പ്രതികരണം മിതമായിരിക്കും. കൃത്യവുമായിരിക്കും. മാത്രമല്ല, ഇതിന്റെ ഗുണം നമ്മുടെ താരങ്ങളിലും കാണാം’ – ഗംഭീർ പറഞ്ഞു.

ശാസ്ത്രിയുടെ പിൻഗാമിയായി രാഹുൽ ദ്രാവിഡിനെ നിയമിച്ച ബിസിസിഐയുടെ തീരുമാനത്തെ ഗംഭീർ സ്വാഗതം ചെയ്തു.

‘നമ്മൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അതേക്കുറിച്ച് വൻപു പറയാറില്ല. മറ്റുള്ളവരാണ് നല്ലതു പറയേണ്ടത്. 2011ൽ നമ്മൾ ലോകകപ്പ് ജയിച്ചപ്പോൾ ഇത്തരം അവകാശവാദങ്ങളൊന്നും ഞങ്ങളിൽനിന്ന് ഉണ്ടായിട്ടില്ല. പകരം ഈ രാജ്യത്തെ ആരാധകരാണ് ടീമിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നല്ലതു പറഞ്ഞത്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7