മുംബൈ: ആര്യന്‍ഖാനെ മയക്കുമരുന്നുകേസില്‍ നിന്നൊഴിവാക്കാന്‍ ഷാരൂഖ്ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ സാക്ഷിയായ കെ.പി. ഗോസാവിക്ക് നല്‍കിയിരുന്നതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തല്‍. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് താന്‍ ഇടനിലക്കാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോസാവി പറ്റിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ താന്‍ മുന്‍കൈയെടുത്ത് 50 ലക്ഷം രൂപ പൂജയ്ക്ക് തിരികെനല്‍കിയെന്നും ഈ ഇടപാടില്‍ എൻ.സി.ബി.യുടെ അന്വേഷണഉദ്യോഗസ്ഥൻ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാംഡിസൂസ വ്യക്തമാക്കി.
സമീര്‍ സര്‍ എന്നപേരില്‍ ഒരുനമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നു. ഇത് സമീര്‍ വാംഖഡെയുടെ നമ്പറാണെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ മുന്നില്‍വെച്ച് ഈ നമ്പറില്‍നിന്ന് ഗോസാവിക്ക് കോള്‍വരികയും സംസാരിക്കുകയും ചെയ്തു. എന്നാല്‍, ട്രൂകോളർ പരിശോധിച്ചപ്പോള്‍ ഇത് ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകറിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസ്സിലായി. പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന വിവരമറിഞ്ഞതോടെ മണിക്കൂറുകള്‍ക്കംതന്നെ താന്‍ സമ്മര്‍ദം ചെലുത്തി ഈ പണംതിരികെ നല്‍കിയെന്നും ഈ ഇടപാടിലൊന്നും സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വിശദീകരിച്ചു. സമീര്‍ വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ ലഹരിമരുന്ന് വിതരണക്കാരനായിരുന്നുവെന്ന ആരോപണങ്ങളും സാംഡിസൂസ നിഷേധിച്ചു. തനിക്ക് അത്തരം ഇടപാടുകളില്ലെന്നും ബിസിനസുകാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തേ ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയപ്പോള്‍ എന്‍.സി.ബി.യെ അറിയിച്ചിട്ടുണ്ടെന്നും ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജ ദദ്‌ലാനിയെ പരിചയപ്പെട്ടിട്ടുള്ളതെന്നും ഡിസൂസ വ്യക്തമാക്കി