ഒളിമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് XUV700 ജാവലിന്‍ ഗോള്‍ഡ് എഡിഷന്‍ സമ്മാനിച്ച് മഹീന്ദ്ര

ടോക്കിയോ ഒളിമ്പിക്‌സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളെ ആദരിച്ച് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. പരാലിമ്പിക്‌സില്‍ ജാവലില്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ സുമിത് ആന്റിലിന് പുതിയ എസ്.യു.വി. സമ്മാനിച്ചതിന് പിന്നാലെ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം നീരജ് ചോപ്രയ്ക്കും മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്.യു.വി.700 ജാവലിന്‍ ഗോള്‍ഡ് എഡിഷന്‍ സമ്മാനിച്ചു.

മഹീന്ദ്രയുടെ സ്‌നേഹത്തിനും ആദരത്തിനും നന്ദി അറിയിക്കുന്നതായി നീരജ് ചോപ്ര ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. “പ്രത്യേകം രൂപകല്‍പ്പന ചെയ്ത താങ്കളുടെ ഈ സമ്മാനത്തിന് നന്ദി. തുടര്‍ന്നുള്ള എന്റെ യാത്രകള്‍ ഈ വാഹനത്തിലായിരിരിക്കും.” നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്താണ് ഈ കുറിപ്പ്. ഒളിമ്പിക്‌സില്‍ സ്വര്‍ണനേട്ടമുണ്ടാക്കിയ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്.യു.വി. സമ്മാനിക്കുമെന്ന് ഒളിമ്പിക്‌സ് വേളയില്‍ തന്നെ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

മിഡ്‌നൈറ്റ് ബ്ലാക്ക് ഫിനീഷിങ്ങിലാണ് നീരജ് ചോപ്രയ്ക്കായുള്ള എക്‌സ്.യു.വി.700 ഒരുങ്ങിയിരിക്കുന്നത്. റെഗുലര്‍ മോഡലില്‍ ക്രോം ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള ആക്‌സെന്റുകളും മറ്റും സ്വര്‍ണനിറം നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പുതിയ ലോഗോയും ഗോള്‍ഡന്‍ നിറത്തിലാണ് നല്‍കിയിട്ടുള്ളത്. ജവലിനില്‍ നീരജ് നേടിയ 87.58 മീറ്റര്‍ റെക്കോഡ് വാഹനത്തിന്റെ ഫെന്‍ഡറിലും ടെയ്ല്‍ഗേറ്റിലും ആലേഖനം ചെയ്തിട്ടുണ്ട്.

മഹീന്ദ്ര സമ്മാനിച്ചിരിക്കുന്ന ജാവലിന്‍ ഗോള്‍ഡ് എഡിഷന്‍ എക്‌സ്.യു.വി.700-ന്റെ രജിസ്‌ട്രേഷന്‍ നമ്പറായും തന്റെ ഈ റെക്കോഡ് നമ്പര്‍ തന്നെ നീരജ് തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ പുറത്ത് നല്‍കിയിട്ടുള്ളതിന് സമാനമായി വാഹനത്തിന്റെ അകത്തളത്തിലെ ആറ് ഹെഡ് റെസ്റ്റുകളിലും അദ്ദേഹത്തിന്റെ റെക്കോഡ് നമ്പര്‍ ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ മോഡലുകള്‍ക്ക് സമാനമായിരിക്കുമെന്നും സൂചനയുണ്ട്.

മഹീന്ദ്രയില്‍നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ വാഹനമാണ് എക്സ്.യു.വി.700 എസ്.യു.വി. അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 50,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. ഇതിനകം 65,000 ആളുകളാണ് ഈ വാഹനം ബുക്കു ചെയ്ത് കാത്തിരിക്കുന്നത്. എക്സ്.യു.വി.700 പെട്രോള്‍ മോഡലുകളുടെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഡീസല്‍ മോഡലിന് ഇനിയും കാത്തിരിക്കണം.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

pathram:
Leave a Comment