ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയില്‍

ടോക്യോ: ഇതാണ് ശരിയായ ചക് ദേ ഇന്ത്യ. ടോക്യോ ഒളിമ്പിക്‌സ് ഇതാ ഇന്ത്യന്‍ ഹോക്കിയുടെ അവിശ്വസനീയമായ ഉയര്‍ത്തെഴുന്നേല്‍പിന് സാക്ഷ്യവഹിക്കുന്നു. പുരുഷ ടീമിന് പിറകെ വനിതകളും ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. രണ്ടാം ക്വാർട്ടറിൽ ഗുർജിത്ത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഇരുപത്തിരണ്ടാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ സമർഥമായി വലയിലെത്തിക്കുകയായിരുന്നു മികച്ച ഡ്രാഗ് ഫ്ളിക്കറായ ഗുർജിത്ത്.

ഈ ലീഡ് അവസാന വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന് വഴിവച്ചത്.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.

ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി.

pathram:
Related Post
Leave a Comment