ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ട, പാലത്തിന് മുകളില്‍ കരഞ്ഞ് ഒരാള്‍; രക്ഷകനായി പോലീസുകാരന്‍

പനങ്ങാട്: പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ ഗൃഹനാഥനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൃക്കാക്കര സ്റ്റേഷനിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ പെരുമ്പളത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ. പ്രസാദ്.

പാലം കടക്കുന്നതിനിടെ ഒരാൾ പാലത്തിന് മുകളിൽ ഫുട്പാത്തിൽ നിൽക്കുന്നതും കണ്ടു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പ്രസാദ്, ബൈക്ക് നിർത്തി പനങ്ങാട്ടേക്കുള്ള വഴി ചോദിച്ചു. പനങ്ങാട്ടേക്ക് കൈചൂണ്ടി കാണിക്കുന്നതിനിടെ അയാൾ കരയുന്നതു കണ്ട് കാര്യം തിരക്കി. ക്ഷുഭിതനായ അയാൾ മറുപടി പറയാൻ ആദ്യം മടിച്ചെങ്കിലും കാര്യമറിയാതെ പോകില്ലെന്ന പ്രസാദ് അറിയിച്ചു. തന്റെ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ എത്തിയതാണെന്നും പറഞ്ഞു.

പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രസാദിനെ തട്ടിമാറ്റി ഇയാൾ മുന്നോട്ട് നടന്നു. അപകടം മണത്ത പ്രസാദ് ഇയാളെ വട്ടം പിടിച്ചുനിർത്തി, തന്റെ സുഹൃത്തായ തൃപ്പുണിത്തുറ സ്റ്റേഷനിലെ മറ്റൊരു സി.പി.ഒ.യെ മൊബൈലിൽ വിളിച്ച് കാര്യം ധരിപ്പിച്ചു. ഉടൻ പനങ്ങാട് സ്റ്റേഷനിൽ നിന്നും കൺട്രോൾ റൂമിൽ നിന്നും പോലീസെത്തി അയാളെ പനങ്ങാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മകനെ വിളിച്ചുവരുത്തി, വേണ്ട ഉപദേശവും താക്കീതും നൽകിയ പോലീസ്, അരൂർ സ്വദേശിയായ ഇയാളെ മകനോടൊപ്പം പറഞ്ഞയച്ചു.

pathram:
Leave a Comment