ഭര്‍ത്താവിന്റെ പീഡനം പേടിച്ച് ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്ത് അധ്യാപിക
ആലപ്പുഴ: ഭര്‍ത്താവിന്റെ പീഡനം പേടിച്ച് നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്ത് അധ്യാപിക. ആലപ്പുഴ സ്വദേശിയായ സുചിത്ര എസ്.നായര്‍ എന്ന അധ്യാപികയാണ് ഭര്‍ത്താവിന്റെ പീഡനം കാരണം അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയാല്‍ പേടിച്ച് പുറത്തിറങ്ങാറില്ല. മക്കളെ വിഡിയോ കോളിലൂടെയാണ് കാണുന്നത്.
12 കൊല്ലം മുന്‍പായിരുന്നു ആലപ്പുഴ സ്വദേശിയായ വിശാലുമായി സുചിത്രയുടെ വിവാഹം. കുറച്ചു കാലത്തിനുശേഷം മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി. ഭര്‍ത്താവിന്റെ കടുത്ത മദ്യപാനവും മര്‍ദനവും ജീവിതം നരക തുല്യമാക്കി. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അച്ഛനെയും ഭര്‍ത്താവ് മര്‍ദിച്ചു. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന സുചിത്ര നര്‍ത്തകി കൂടിയാണ്. കുട്ടികള്‍ക്ക് നൃത്ത പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതെല്ലാം തടസ്സപ്പെടുത്തി.
തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചുമായിരുന്നു ക്രൂര പീഡനങ്ങള്‍. വിരല്‍ തല്ലി ഒടിച്ചതുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനകേസ് കോടതിയിലാണ്. സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പണയത്തിന് വീടെടുത്തു താമസിക്കുകയാണ് ഭര്‍ത്താവ്. സുചിത്രയുടെ അമ്മയും രണ്ടു മക്കളും അധിക്ഷേപങ്ങള്‍ സഹിച്ച് ഇവിടെയാണ് താമസം. 2017 മുതല്‍ നിരവധി പരാതികള്‍ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലും ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയിട്ടും ഭര്‍ത്താവിനെ താക്കീത് ചെയ്തു വിടുന്നതില്‍ ഒതുങ്ങി നടപടികള്‍.
ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല. കുട്ടികളുടെ മുന്‍പിലിരുന്ന് മദ്യപിക്കുന്നതും അസഭ്യം പറയുന്നതും തടയണമെന്ന ബാലാവകാശ കമ്മിഷന്റെ നിര്‍ദേശവും ഇതുവരെ നടപ്പായില്ല. സ്വസ്ഥമായി ജീവിക്കാന്‍ ഇനി എന്തു ചെയ്യുമെന്ന് സുചിത്ര ചോദിക്കുന്നു.