തിരുവനന്തപുരം : തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ഗണനാക്രമത്തില്‍ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയാണ്. കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്, ജി.ആര്. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്, പി. രാജീവ്, സജി ചെറിയാന്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.
തുടർന്ന് രാജ്ഭവനിലെ ചായസൽക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, ഇ. ചന്ദ്രശേഖരന്, സിപിഎം നേതാക്കളായ ഇ.പി. ജയരാജന്, തോമസ് ഐസക്, ഗുരുരത്നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന് തുടങ്ങിയവര്‍ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ട്രിപ്പിൾ ലോക്ഡൗൺ അവഗണിച്ച് ചടങ്ങു വിപുലമാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാരും നേതാക്കളും നേരിട്ടെത്തില്ല. പകരം ഓൺലൈനായി കാണും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബചിത്രങ്ങള്‍ കാണാം.