കോവിഡ് വൈറൽ ലോഡ് 99.9% കുറയ്ക്കാൻ കഴിയുന്ന ആന്റി വൈറൽ തെറാപ്പി കണ്ടെത്തി

കോവിഡ് മൂലമുണ്ടാകുന്ന വൈറൽ ലോഡ് 99.9 % വരെ കുറയ്ക്കാൻ സാധിക്കുന്ന ആന്റി വൈറൽ തെറാപ്പി കണ്ടെത്തി. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിലെയും അമേരിക്കയിലെ സിറ്റി ഓഫ് ഹോപ്പ് നാഷണൽ മെഡിക്കൽ സെന്ററിലെയും ശാസ്ത്രജ്ഞർ അടങ്ങുന്ന രാജ്യാന്തര സംഘമാണ് ഈ പരീക്ഷണ ആന്റി വൈറൽ തെറാപ്പി കണ്ടെത്തിയത്.

siRNA(small interfering RNA) എന്ന ജീൻ സൈലൻസിങ് ആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ തെറാപ്പി വൈറസ് പെരുകുന്നത് തടയുന്നത്. തെറാപ്പിയിൽ ഉപയോഗിക്കുന്ന നാനോ കണികകൾ വൈറസിന്റെ ജനിതകഘടനയെ നേരിട്ട് ആക്രമിച്ചാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്. അണുബാധയുടെ കേന്ദ്രമായ ശ്വാസകോശത്തിലേക്ക് ഈ നാനോ കണികകളെ നേരിട്ട് ഉപയോഗിക്കാമെന്ന് ഗവേഷണത്തിൽ പങ്കെടുത്ത ഗ്രിഫിത്ത് സർവകലാശാലയിലെ പ്രഫ. നിഗൽ മക്മില്ലൺ പറയുന്നു.

സാർസ് കോവ് 2 ബാധിച്ച എലികളിൽ പരീക്ഷിച്ചപ്പോൾ ഈ തെറാപ്പി ഉപയോഗിച്ച് ഇവയുടെ അതിജീവന സാധ്യത വർധിപ്പിക്കാനായി. വൈറസിനെ അതിജീവിച്ച എലികളുടെ ശ്വാസകോശത്തിൽ പിന്നീട് വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെന്ന് മോളിക്യുലാർ തെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സാർസ് കോവ്-1,സാർസ് കോവ്-2 എന്നിവ ഉൾപ്പെടെ എല്ലാ ബീറ്റാകൊറോണ വൈറസുകളിലും ഈ തെറാപ്പി ഫലപ്രദമാണ്. വൈറസ് ജനിതക ഘടനയിലെ അത്യന്തം സംരക്ഷിക്കപ്പെട്ട ഭാഗങ്ങളിലേക്ക് കടന്നു ചെന്ന് ആക്രമിക്കുന്നതിനാൽ ഈ നാനോ കണികകൾക്ക്‌ ഭാവിയിൽ വരാവുന്ന വൈറസ് വകഭേദങ്ങളെയും നേരിടാൻ സാധിക്കുമെന്ന് സിറ്റി ഓഫ് ഹോപ്പ് അസോസിയേറ്റ് ഡയറക്ടർ പ്രഫ. കെവിൻ മോറിസ് പറയുന്നു.

നാല് ഡിഗ്രി സെൽഷ്യസിൽ 12 മാസത്തേക്കും സാധാരണ താപനിലയിൽ ഒരു മാസത്തേക്കും ഈ നാനോ കണികകൾ കേടുകൂടാതെ ഇരിക്കും. ഇതിനാൽ വിഭവശേഷി പരിമിതമായ വിദൂര പ്രദേശങ്ങളിലും രോഗികളെ ചികിത്സിക്കാനായി ഈ തെറാപ്പി ഉപയോഗിക്കാമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. ഈ നാനോ കണികകൾ കുറഞ്ഞ ചെലവിൽ വലിയ തോതിൽ നിർമിക്കാൻ സാധിക്കുമെന്നും പ്രഫ മോറിസ് ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular