ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യവസാായി എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. ഇന്നലെ രാത്രി യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു
അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ സംഭവസ്ഥലത്ത് നിന്ന് ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്ക് നീക്കം ചെയ്തു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച നടപടികള്‍ പുലര്‍ച്ച അഞ്ച് മണിയോടെയാണ് അവസാനിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തിലെ അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് യൂസഫലി പ്രതികരിച്ചത് ഇങ്ങനെ: ‘പടച്ചോന്‍ കൊണ്ടുവന്ന് നിര്‍ത്തിയതാണ്. അല്‍ഹംദുലില്ലാഹ്’ എന്നാണ് എറണാകുളത്തെ ലോക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ കാണാന്‍ എത്തിയവരോട് യൂസഫലി പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. പനങ്ങാട് ഫിഷറീസ് സര്‍വ്വകലാശാല ക്യാംപസിന് സമീപമായിരുന്നു വിമാനം ഇടിച്ചിറക്കിയത്. ഇവിടെ നിന്നും 200 മീറ്റര്‍ അകലെ കുഫോസ് ഗ്രൗണ്ടിലാണ് കോപ്റ്റര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം. ഹെലികോപ്റ്ററിന്റെ റണ്ണിംഗ് എന്‍ജിന്‍ നിന്നതോടെ അഡിഷണല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി. എന്നാല്‍ വിജയിക്കാതെ വന്നതോടെ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് പൈലറ്റായ ശിവകുമാര്‍ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ശശി കുമാര്‍ പറഞ്ഞിരുന്നു.