എൽഡിഎഫ് സ്ഥാനാർഥിയുടെ സൗജന്യ മദ്യ വിതരണം; തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുമോ?

കൊല്ലം: ചവറയിൽ ഇടത് സ്ഥാനാർഥിയായ സുജിത് വിജയൻ പിള്ളയുടെ ബാറിൽ ടോക്കൺ വെച്ച് സൗജന്യ മദ്യ വിതരണം വൻ വിവാദത്തിലേക്ക്. മദ്യ വിതരണം നടത്തിയതിന്റെ ദൃശ്യങ്ങൾ സഹിതം യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടി തിരി കൊളുത്തിയിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെയാണ് ടോക്കൺ വെച്ച് സൗജന്യ മദ്യ വിതരണത്തിന്റെ ദൃശ്യങ്ങൾ സഹിതം ഷിബു ബേബി ജോൺ പുറത്തു വിട്ടത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ അങ്കലാപ്പിലായിരിക്കുകയാണ് ജില്ലയിലെ എൽഡിഎഫ് നേതൃത്വവും പ്രവർത്തകരും.

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി തുടക്കം മുതലെ വോട്ടർമാരെ സ്വാധീനിക്കാൻ വ്യാപകമായ രീതിയിൽ മദ്യവും പണവും വിതരണം ചെയ്യുന്നതായി ചവറയിലെ യുഡിഎഫ് പ്രവർത്തകർ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതിന്റെ അവസാനം എന്ന രീതിയിലാണ് നിലവിൽ മദ്യം വിതരണം ചെയ്യുന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരിക്കുന്നത്. ദൃശ്യങ്ങൾ വ്യാജമാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. എന്നാൽ ടോക്കൺ വെച്ച് വിതരണം ചെയ്യുന്നത് സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ബാറിൽ നിന്ന് തന്നെ എന്ന് ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

അതെ സമയം മണ്ഡലത്തിന് പുറത്തുള്ള തങ്ങളുടെ തന്നെ ബാറിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്നതെന്നാണ് സുജിത്തിനെ അനുകൂലിക്കുന്നവർ പറയുന്നത്.

എൽഡിഎഫ് പ്രവർത്തകർ പറയുന്നത് പോലെ ആണ് കാര്യങ്ങൾ എങ്കിൽ പോലും അത് അബ്‌കാരി നിയമങ്ങളുടെ ലംഘനമാണ്. ബോട്ടിൽ പൊട്ടിച്ച ശേഷം മദ്യം വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. ഒപ്പം തന്നെ ഇരുപത്തിമൂന്ന് വയസ്സ് തികയാത്തവർക്ക് പോലും ഇത്തരത്തിൽ ടോക്കൺ വെച്ച് മദ്യം വിതരണം ചെയ്യുന്നതായി പ്രദേശവാസികൾ ആരോപണം ഉന്നയിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ കാണുന്നത് പോലെ സീല് പൊട്ടിച്ച് മറ്റു കുപ്പികളിൽ ഒഴിച്ചു നൾകുന്ന മദ്യം സുരക്ഷിതമാണൊ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അതേസമയം മദ്യവും പണവുമല്ല ജനാധിപത്യമാണ് ജയിക്കേണ്ടെതെന്നു ആർഎസ്പി നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ഷിബു ബേബി ജോണ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment