ചവറ:വോട്ടെടുപ്പിന് തൊട്ടു മുൻപും ചവറ വാർത്തകളിൽ നിറയുന്നു. നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ദേയമായ മത്സരം ആണ് ചവറ മണ്ഡലത്തിൽ നടക്കുന്നത്. മുൻമന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യമാണ് മണ്ഡലത്തെ മാധ്യമങ്ങൾ ഉൾപ്പടെ ശ്രദ്ധ കേന്ദ്രമാക്കി മാറ്റുന്നത്. മുൻ എംഎൽഎ ആയിരുന്ന വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻ പിള്ളയാണ് അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥി. നാളെ പോളിംഗ് നടക്കാനിരിക്കെ വോട്ടിന് വേണ്ടി മദ്യവും പണവും നൽകി ആളുകളെ സ്വാധീനിക്കാൻ താൻ ഒരുക്കമല്ല എന്ന നിലപാട് വ്യക്തമാക്കി ഷിബു ബേബി ജോൺ പുറത്തിറക്കിയ വീഡിയോയാണ് മണ്ഡലത്തിൽ ഇപ്പോൾ സജീവ ചർച്ചയായിരിക്കുന്നത്. തന്റെ സഹോദരിമാരുടെയും അമ്മമാരുടെയും കണ്ണീര് വീഴ്ത്തിയിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ താനില്ലെന്നാണ് സംശയങ്ങൾക്കിടയില്ലാതെ അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.
എതിർ സ്ഥാനാർഥിയായ എൽഡിഎഫ് സാരഥി സുജിത്ത് വിജയൻ പിള്ളക്ക് വേണ്ടി ടോക്കൺ വെച്ച് മദ്യം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയായ ഷിബു ബേബി ജോണിന്റെ പ്രതികരണം ചർച്ചയായിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന് പിന്തുണയറിയിച്ച് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
പോസ്റ്റ് വായിക്കാം:
പ്രിയപ്പെട്ടവരേ,
ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു രാവിന്റെ ദൂരം മാത്രം.
ഇരുപത് വർഷം മുൻപ് നിങ്ങൾക്ക് മുൻപിലേക്ക് വോട്ട് ചോദിച്ചുകൊണ്ട് വരുമ്പോൾ ഷിബു ബേബി ജോൺ എന്ന ഞാൻ എങ്ങനെ ആയിരുന്നൊ അതേ പോലെ തന്നെയാണ് ഞാൻ നിങ്ങൾക്ക് മുൻപിൽ ഇന്നും നിൽക്കുന്നത്. ഈ കാലയളവിൽ അധികാരമില്ലാതേയും, ജനപ്രതിനിധി ആയും ഈ നാടിന്റെ വളർച്ചയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ തൃപ്തനാണ്.
കഴിഞ്ഞ ഇരുപത് കൊല്ലക്കാലം കൊണ്ട് നമുക്ക് പ്രായമായി, നമുക്കൊപ്പമുണ്ടായിരുന്ന പലരും ഇന്ന് നമുക്കൊപ്പമില്ല… അന്ന് പിഞ്ചു കുഞ്ഞുങ്ങളായിരുന്നവർ ഇന്ന് ഈ മണ്ഡലത്തിലെ വോട്ടർമാരായി… കാലമെത്ര മുന്നോട്ടു പോയാലും മാറ്റമില്ലാതെ തുടരുന്നത് ഒന്ന് മാത്രമേയുള്ളൂ… അതെനിക്ക് ഈ നാട്ടുകാരോടുള്ള ഹൃദയബന്ധമാണ്… അതെന്റെ രക്തത്തിൽ ഉള്ളതാണ്…
എനിക്ക് നിങ്ങൾക്ക് മുൻപിൽ അഭിനയിക്കേണ്ട കാര്യമില്ല, എനിക്കും രണ്ട് ആൺമക്കൾ ആണുള്ളത്, ഞാൻ ഈ മണ്ഡലത്തിലെ യുവാക്കൾക്ക് വോട്ടിന് വേണ്ടി മദ്യവും പണവും നൽകാൻ ഒരുക്കമല്ല, ഈ നാട്ടിലെ അമ്മമാരുടേയും സഹോദരിമാരുടേയും കണ്ണുനീര് വീഴ്ത്തിയിട്ട് ഒരു തിരഞ്ഞെടുപ്പിനേയും ഞാൻ നേരിടില്ല.
പക്ഷെ ഒരു വാക്ക് ഞാൻ തരാം, സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ, മകനെ പോലെ, ഒരു മുതിർന്ന ചേട്ടനെ പോലെ ഏത് ആവശ്യങ്ങൾക്കും എന്നെ സമീപിക്കാം. വ്യക്തിപരമായൊ രാഷ്ട്രീയമായൊ ഞാൻ നിങ്ങളോട് കണക്ക് പറയില്ല. ഒരു സഹായങ്ങളിലും രാഷ്ട്രീയം ഉണ്ടായിരിക്കില്ല. നിങ്ങളുടെ അന്തസ്സും ആത്മാഭിമാനവും നശിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ഇക്കാലമത്രയും അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ചാണ് ഞാൻ ജീവിച്ചത്. എല്ലാത്തിലും വലുത് അഭിമാനം തന്നെ ആണെന്നാണ് ഞാൻ കരുതുന്നത്. ഇല്ലായ്മകളിലും അഭിമാനം കൈവിടാത്ത തൊഴിലാളി സംസ്കാരം ആണ് ചവറയുടേത്. നിങ്ങളുടെ തീരുമാനം എന്ത് തന്നെ ആയാലും ആർക്ക് മുൻപിലും ഒരാവശ്യത്തിനും നിങ്ങളുടെ ശിരസ്സ് താഴ്ന്നു പോകില്ല എന്നത് എന്റെ വാക്കാണ്.
Leave a Comment