റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡിന് ലേലത്തിൽ ലഭിച്ചത് 55 ലക്ഷം രൂപ!

ബെൽഗ്രേഡ് : ക്രിസ്റ്റ്യാനോ റൊണാൾഡോ ഊരിയെറിഞ്ഞ ആംബാൻഡ് ലേലത്തിൽ വച്ചപ്പോൾ കിട്ടിയത് 75,000 ഡോളർ (ഏകദേശം 54.98 ലക്ഷം രൂപ). സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായ 6 മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കായി ഈ തുക ചെലവാക്കുമെന്നു സെർബിയയിലെ ജീവകാരുണ്യ സംഘടന അറിയിച്ചു.

സെർബിയയ്ക്കെതിരെ 2–2നു സമനിലയിലായ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനൊടുവിലാണു പോർച്ചുഗൽ ക്യാപ്റ്റനായ റൊണാൾഡോ ക്യാപ്റ്റൻസ് ആംബാൻഡ് വലിച്ചെറിഞ്ഞത്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഗോളിലേക്കു റൊണാൾഡോ പായിച്ച ഷോട്ട് ഗോ‍‌ൾ‌വര കടന്നുവെന്നു റീപ്ലേകളിൽ വ്യക്തമായെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണു റൊണാൾഡോ ആംബാൻഡ് ഊരിയെറിഞ്ഞു കളംവിട്ടത്. തൊട്ടുപിന്നാലെ ലോങ് വിസിൽ മുഴങ്ങുകയും ചെയ്തു.

3 ദിവസത്തെ ലേലത്തിനിടെ വിവാദങ്ങളുമുണ്ടായി. ചിലർ വലിയ തുക വാഗ്ദാനം ചെയ്തു ലേലം മുടക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. സെർബിയയിൽ ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. ലേലം തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടു ചിലർ അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.

pathram desk 1:
Leave a Comment