‘മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു’; എന്‍ഫോഴ്‌സ്‌മെന്റിന് എതിരെ സന്ദീപ് നായരുടെ മൊഴി

ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കടത്ത് കേസിലെ മാപ്പ് സാക്ഷി സന്ദീപ് നായരുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. കസ്റ്റഡിയിലും ജയിലിലും വച്ച് വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് നായര്‍.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്ക് എതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു. സന്ദീപ് നായരെ അഞ്ച് മണിക്കൂറില്‍ അധികമാണ് ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ ആരംഭിച്ചത് ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

അതേസമയം സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത നടപടിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെടും.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രണ്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സന്ദീപ് നായരെ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. സന്ദീപ് നായരുടെ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു സന്ദീപിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുനില്‍ എന്ന അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

pathram desk 1:
Related Post
Leave a Comment