സര്‍ക്കാരിന്റെയോ സ്പോര്‍ട്സ് കൗണ്‍സിലിന്റെയോ നിയന്ത്രണത്തില്‍ പരീക്ഷാക്കാലത്ത് കായികമത്സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളും നടത്തുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവായി. പഠന-പഠനേതര വിഷയങ്ങളിലുള്ള കുട്ടികളുടെ പങ്കാളിത്തം ഒരുപോലെ ഉറപ്പാക്കാനും ആര്‍ക്കും അവസരം നഷ്ടപ്പെടാതിരിക്കാനും പരീക്ഷാക്കാലത്ത് എല്ലാവിധ ചാമ്പ്യന്‍ഷിപ്പുകളും വിലക്കേണ്ടത് അനിവാര്യമാണെന്ന് കമ്മിഷൻ വിലയിരുത്തി.
പരീക്ഷാക്കാലത്തെ കായികമേളകള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതോടൊപ്പം പല മത്സരാര്‍ത്ഥികള്‍ക്കും അവസരം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. സ്പോര്‍ട്സ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകള്‍ പരീക്ഷക്കാലയളവില്‍ മത്സരങ്ങള്‍ നടത്താന്‍ പാടില്ലെന്ന് കായിക — യുവജനകാര്യ സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എന്നിവര്‍ ഉത്തരവിറക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
പരീക്ഷ നടക്കുന്ന മാര്‍ച്ച് 22 മുതല്‍ 27 വരെ സബ് ജൂനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ അന്തര്‍ജില്ല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുമെന്ന് അറിയിച്ച് കേരള ഫുട്ബോള്‍ അസോസിയേഷന്‍ 14 ജില്ല അസോസിയേഷനുകള്‍ക്കും കത്തയച്ചിരുന്നു. ഇതിനെതിരേ തിരുവനന്തപുരം ജില്ലയിലെ പാലോട് കുശവൂര്‍ അക്ഷരയുടെ പ്രസിഡന്റ് എസ് ടി ബിജു നല്‍കിയ പരാതിയിന്മേലാണ് കമ്മിഷന്‍ ഉത്തരവ്. ജൂനിയര്‍ വിഭാഗത്തില്‍ കളിക്കേണ്ടത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികളാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
Leave a Comment