സ്വപ്‌നയുടെ ഫോണ്‍വിളി ചോര്‍ത്തല്‍: വനിതാ പൊലീസുകാരെ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ടതില്‍ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസിനു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഈയാഴ്ച മറുപടി നല്‍കും. കസ്റ്റഡിയിലിരിക്കേ തന്റെ ശബ്ദം ചോര്‍ന്നതുമായി ബന്ധപ്പെട്ടു സ്വപ്‌ന നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടുത്തിയാകും മറുപടി.

തന്റെ ശബ്ദം ചോര്‍ന്നതില്‍ സുരക്ഷാ ചുമതലക്കാരായ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നു രഹസ്യമൊഴിയില്‍ സ്വപ്‌ന വ്യക്തമാക്കിയെന്നാണു സൂചന. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്ന കസ്റ്റംസ്, വനിതാ പോലീസുകാരെ ചോദ്യംചെയ്യും.

രഹസ്യമൊഴി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയതു അന്വേഷണത്തിന്റെ ഭാഗമായാണെന്നു കമ്മിഷണര്‍ മറുപടിയില്‍ ചൂണ്ടിക്കാട്ടും. ശബ്ദരേഖ പുറത്തുവന്ന ശേഷമാണു സ്വപ്‌ന രഹസ്യമൊഴി നല്‍കിയത്. ”പുറത്തു സഹായിക്കാന്‍ ആളുണ്ട്.

നിങ്ങളെ രക്ഷിക്കാന്‍ അവര്‍ക്കു കഴിയു” മെന്നു പ്രലോഭിപ്പിച്ചാണു ഫോണ്‍ തന്നതെന്നു സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ടെന്നാണു സൂചന. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ശബ്ദരേഖ ചോര്‍ത്തിയതെന്നും ഇതില്‍ സുരക്ഷാ ഡ്യൂട്ടിക്കു വന്നവര്‍ പങ്കാളികളായെന്നതു ഗൗരവമുള്ളതാണെന്നും കസ്റ്റംസ് പറയുന്നു. ഉത്തരവാദികള്‍ക്കെതിരേ കേസെടുക്കേണ്ടതുണ്ടെന്നും കമ്മിഷണറുടെ മറുപടിയില്‍ വ്യക്തമാക്കുമെന്നാണു സൂചന.

അതേ സമയം, പ്രതികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കുന്ന രഹസ്യമൊഴിയുടെ പകര്‍പ്പ് അനേ്വഷണ ഉദ്യോഗസ്ഥനു മാത്രമേ നല്‍കാവൂ എന്ന വ്യവസ്ഥ തെറ്റിച്ചെന്നാണു എ.ജിയുടെ നോട്ടീസിലുള്ളത്. ഇന്നു നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണു നിര്‍ദേശമുള്ളത്. അനേ്വഷണ ഉദ്യോഗസ്ഥന്‍ അല്ലാത്ത കമ്മിഷണര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും മാധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്തത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് ആരോപണം.

അതിനിടെ, സി.പി.എം. നേതാവ് കെ.ജെ. ജേക്കബിന്റെ പരാതിയില്‍ എ.ജി. ഇന്നു തെളിവെടുക്കും. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. നിര്‍ബന്ധിച്ചതായി സ്വപ്‌നയുടെ ശബ്ദസന്ദേശം നേരത്തെ പുറത്തു വന്നിരുന്നു.

കസ്റ്റഡിയിലുള്ള സ്വപ്‌നയെ കൊണ്ട് രഹസ്യമൊഴി നിര്‍ബന്ധിച്ചു നല്‍കിച്ചതാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ പരാമര്‍ശങ്ങളുള്ള മൊഴി കമ്മിഷണര്‍ പുറത്തുവിട്ടതില്‍ ദുരുദ്ദേശമുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

pathram:
Related Post
Leave a Comment