വിജയയാത്ര സമാപനം; അമിത് ഷാ നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തലസ്ഥാനത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അമിത്ഷാ തിരുവനന്തപുരത്ത് എത്തുന്നത്. ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആയിരങ്ങള്‍ അണിനിരക്കും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരിക്കും വിജയയാത്രയുടെ വേദിയില്‍ അമിത്ഷാ എത്തുക.

ഇന്ന് വൈകിട്ട് 10.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും.

നാളെ ഉച്ച തിരിഞ്ഞ് 3.50ന് തലസ്ഥാനത്ത് മടങ്ങിയെത്തി നാലു മണിക്ക് ശ്രീരാമകൃഷ്ണമഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തില്‍ പങ്കെടുക്കും. വിജയയാത്രയുടെ ഉദ്ഘാടനത്തിന് ശേഷം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം രാത്രി 10.30ഓടെ അമിത് ഷാ തിരിച്ചുപോകും.
വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍, കേരള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എംഎല്‍എ, സുരേഷ് ഗോപി എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, കുമ്മനം രാജശേഖരന്‍, സി.കെ. പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, എം. ഗണേശ്, അഡ്വ. പി. സുധീര്‍, വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, പ്രൊഫ. വി.ടി. രമ, ട്രഷറര്‍ ജെ.ആര്‍. പത്മകുമാര്‍, മോര്‍ച്ച സംസ്ഥാന നേതാക്കളായ അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, പ്രഫുല്‍ കൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

pathram desk 2:
Related Post
Leave a Comment