ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി.

നിയമവിരുദ്ധമായ ഉള്ളടക്കം സമയബന്ധിതമായി നീക്കം ചെയ്യണമെന്നതാണ് ഒടിടികള്‍ക്കുള്ള നിബന്ധനകളിലൊന്ന്. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സംവിധാനം ഒരുക്കണം. കോടതിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ ഉറവിടം വ്യക്തമാക്കണം. സ്ത്രീകളെ അധിക്ഷേപിക്കന്ന തരത്തിലെ സന്ദേശങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സ്വകാര്യ ഭാഗങ്ങളുടെ പ്രദര്‍ശനം, നഗ്നതാ പ്രദര്‍ശനം, ലൈംഗികത, ആള്‍മാറാട്ടം തുടങ്ങിയവ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ 24 മണിക്കൂറിനുളളില്‍ ഇവ നീക്കം ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ ത്രിതല സംവിധാനം ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രനിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കില്ലെങ്കിലും സര്‍ക്കാര്‍ വിവരങ്ങള്‍ അന്വേഷിക്കും. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് സ്വയം നിയന്ത്രണ സംവിധാനം വേണം. ഇതിന് സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാര്‍ നേതൃത്വം നല്‍കണം. മാധ്യമ സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വയംനിയന്ത്രണം അനിവാര്യമാണെന്നും ജാവദേക്കറും രവിശങ്കര്‍ പ്രസാദും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

pathram desk 2:
Leave a Comment