ഗുരുവായൂരില്‍ ഇന്ന് ഉത്സവ കൊടിയേറ്റ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയോട്ടം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ചടങ്ങുകള്‍.

ക്ഷേത്രോത്സവത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒരാന മാത്രമേ ചടങ്ങെന്ന നിലയില്‍ പങ്കെടുക്കുകയുള്ളു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണ കൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് തുടക്കമാകും. മാര്‍ച്ച് 4ന് പള്ളിവേട്ടയും 5ന് ആറാട്ടും കഴിഞ്ഞ് കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപ്തി കുറിക്കും.

ക്ഷേത്രത്തില്‍ വാദ്യകലാകാരന്മാര്‍ ആയ 35 പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. ഉത്സവദിനങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ഉള്‍പ്പെടെ 5000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. 100 പറകള്‍ക്ക് മാത്രമാണ് അനുമതി. ഈ നിര്‍ദേശം അപ്രായോഗികമായതിനാല്‍ ദേവസ്വം പറ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

ദര്‍ശനത്തിന് വരുന്ന ഭക്തര്‍ ആര്‍.ടി.- പി.സി.ആര്‍. പരിശോധന നടത്തണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

pathram desk 2:
Leave a Comment