ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് തമിഴ്‌നാട്. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാകുമെന്ന ആകാംഷയിലാണ് തമിഴ് രാഷ്ട്രീയം. അതിനിടെ, ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ നായികയായിരുന്ന ഖുശ്ബുവും സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.
കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ഖുശ്ബു ബിജെപിക്കൊപ്പം കൂടിയിരുന്നു. തമിഴ്‌നാട്ടില്‍ ബിജെപി- എഐഎഡിഎംകെ സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി ടിക്കറ്റില്‍ ഖുശ്ബു ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് സൂചന. മണ്ഡലത്തില്‍ ഖുശ്ബു ഓഫീസ് തുറന്നതായും പറയുന്നു.
ഡിഎംകെയ്ക്ക് ആധിപത്യമുള്ള മണ്ഡലമാണ് ചെപ്പോക്ക്. മുന്‍മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രിയത്തിലെ അതികായനുമായിരുന്ന എം. കരുണാനിധി തുടര്‍ച്ചയായി മൂന്നു തവണ ഇവിടെ നിന്നു ജയിച്ചിരുന്നു. പിന്നീട് ജെ. അന്‍പഴകനിലൂടെ ഡിഎംകെ തട്ടകം കൈവിടാതെ നോക്കി. ചെപ്പോക്കിലെ വിജയം ഡിഎംകെയുടെ പ്രസ്റ്റീജ് ഇഷ്യുവാണ്. ഖുശ്ബു ചെപ്പോക്കില്‍ സ്ഥാനാര്‍ത്ഥിയായാല്‍ അവരെ നേരിടാന്‍ കരുണാനിധിയുടെ ചെറുമകനും എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ ഡിഎംകെ രംഗത്തിറക്കിയേക്കും. ഖുശ്ബുവിനെപ്പോലെ സിനിമാ താരംകൂടിയാണ് ഉദയനിധിയെന്നതും മറ്റൊരു രസകരമായ വസ്തുത.
Leave a Comment