കോട്ടയം: രാഷ്ട്രീയമില്ലാത്ത വ്യാപാരി-വ്യവസായി സംഘടന ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജില്ലാ പ്രസിഡന്റ് നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ദുരുപയോഗം ചെയ്ത് സ്വന്തം സീറ്റ് കണ്ടെത്താനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി (തോമസികുട്ടി മുതുപുന്നയ്ക്കല്‍)യുടെ നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ജില്ലാ പ്രസിഡന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം വ്യാപാരികള്‍ സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ തോമസുകുട്ടി നടത്തുന്ന ശ്രമങ്ങളാണ് വ്യാപാരികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ വ്യാപാരികള്‍ തന്നെ പിന്തുണയ്ക്കുമെന്ന് അവകാശപ്പെട്ടാണ് ജില്ലാ പ്രസിഡന്റ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ജില്ലാ പ്രസിഡന്റിന്റെ ഈ അവകാശവാദം പൊള്ളയാണെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമാവുകയാണ്. ഇത് സൂചിപ്പിക്കുന്ന തരത്തിലെ എതിര്‍പ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൂഞ്ഞാറിലെ വ്യാപാരികളുടെ ഭാഗത്ത് നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
യാതൊരു രാഷ്ട്രീയവുമില്ലാതെ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് വ്യാപാരി – വ്യവസായി ഏകോപന സമിതി. ഈ സംഘടനയുടെ അംഗങ്ങളോ ഭാരവാഹികളോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കാന്‍ പാടില്ലെന്ന് ബൈലോയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ബൈലോ അംഗീകരിക്കാതെയാണ് ഇപ്പോള്‍ തോമസുകുട്ടി നടത്തുന്ന ശ്രമങ്ങളെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥി ആവുകയോ രാഷ്ടീയ പാര്‍ട്ടിയില്‍ അംഗത്വം എടുക്കുകയോ ചെയ്താല്‍ തോമസുകുട്ടി സമിതിയില്‍ നിന്നും രാജിവെച്ച് നിലപാട് വ്യക്തമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ കാണാനൊരുങ്ങുകയാണ് തോമസുകുട്ടിയെ എതിര്‍ക്കുന്ന വിഭാഗം.
വ്യാപാരി-വ്യവസായി ഏകോപന സമിതി നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതു കൂടാതെ സമിതിയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും യു.ഡി.എഫ്. അനുഭാവികളുമാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് ഇടതു സ്ഥാനാര്‍ത്ഥിയാകാനുള്ള തോമസുകുട്ടിയുടെ ശ്രമം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലേബലില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയാക്കാനുള്ള തോമസുകുട്ടിയുടെ ശ്രമങ്ങള്‍ക്കെതിരെ സി.പി.എമ്മിന്റെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്തെത്തിയിട്ടുണ്ട്. സിപിഎമ്മിന് സ്വന്തമായി സംഘടനയുള്ളപ്പോള്‍ മറ്റൊരു സംഘടനയില്‍ നിന്നും ആളുകളെ കെട്ടിയിറക്കി സ്ഥാനാര്‍ത്ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി സമിതിയും പറയുന്നു.
ഇതിനിടെ, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഹനം സ്വന്തം സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോമസുകുട്ടി ഉപയോഗിച്ചതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. വ്യാപാരികളുടെ ലേബലില്‍ തോമസുകുട്ടിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലയിലെ ഭൂരിപക്ഷം അംഗങ്ങളും.
Leave a Comment