ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയില്‍.
സ്കോര്‍ ബോര്‍ഡില്‍ 117 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി (45*), ആര്. അശ്വിന് (2*) എന്നിവരാണ് ക്രീസില്‍. നാലു വിക്കറ്റുകള്‍ മാത്രം ശേഷിക്കേ വിജയത്തിലേക്ക് ഇന്ത്യയ്ക്ക് ഇനിയും 276 റണ്‍സ് കൂടി വേണം.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 58-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. ജാക്ക് ലീച്ചാണ് താരത്തെ മടക്കിയത്.
പിന്നാലെ അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിനെയും (50) അജിങ്ക്യ രഹാനെയേയും (0) ഒരേ ഓവറില്‍ മടക്കി ജെയിംസ് ആന്ഡേഴ്സണ് ഇന്ത്യയെ ഞെട്ടിച്ചു.
വൈകാതെ 11 റണ്‍സെടുത്ത ഋഷഭ് പന്തിനെയും ആന്ഡേഴ്സണ് മടക്കി. പിന്നാലെ ആദ്യ ഇന്നിങ്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത വാഷിങ്ടണ്‍ സുന്ദറിനെ (0) ഡോം ബെസ്സും പുറത്താക്കി. 12 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായ മറ്റൊരു താരം.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 178 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആര്. അശ്വിനാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ടെസ്റ്റില്‍ അശ്വിന്റെ 28-ാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ (0) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു. ഡൊമിനിക് സിബ്ലി (16), ഡാനിയല്‍ ലോറന്‍സ് (18), ബെന്‍ സ്റ്റോക്ക്സ് (7), ഒലി പോപ്പ് (28), ജോസ് ബട്ട്ലര്‍ (24), ഡൊമിനിക് ബെസ്സ് (25), ജോഫ്ര ആര്‍ച്ചര്‍ (5), ആന്ഡേഴ്സന് (0) എന്നിവരാണ് പുറത്തായ താരങ്ങള്‍.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സാധിക്കാതെയാണ് ഇന്ത്യന്‍ സംഘം കൂടാരം കയറിയത്. എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ 241 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
Leave a Comment