പുലി പതുങ്ങിയത് വേട്ടയ്ക്കല്ല

ബംഗളൂരു: പുലി പതുങ്ങുന്നത് വേട്ടയ്ക്ക് എന്നാണ് വയ്പ്പ്. പക്ഷേ, ഒരു പുലി ആ പതിവ് അങ്ങ് തെറ്റിച്ചു. കൈയത്തും ദൂരത്തുള്ള ഇരയെ പിടിക്കാതെ കാരുണ്യം കാട്ടിയ പുലി വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു.

കര്‍ണാടകയില്‍ നിന്നാണ് ഈ വ്യത്യസ്തമായ ഒരു പുലിക്കഥ. ദക്ഷിണ കന്നഡ ജില്ലയിലെ കിഡു റിസര്‍വ് ഫോറസ്റ്റ് റിസര്‍വിന് സമീപമം രാത്രി ഇരുളിന്റെ മറവില്‍ പതുങ്ങി നിന്ന പുള്ളിപ്പുലി മുന്നില്‍പ്പെട്ട നായയെ വേട്ടയാടന്‍ തീരുമാനിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടിയ നായയുടെ ശ്രമം ഒരു ഫാം ഹൗസിന്റെ ശൗചാലയത്തില്‍ ഒളിക്കല്‍. പക്ഷേ പിന്നാലെ പുള്ളിപ്പുലിയും ശൗചാലയത്തിലേക്ക് കുതിച്ചു. ശബ്ദം കേട്ട് പുറത്തുവന്ന ഫാം ഹൗസിന്റെ ഉടമയായ സ്ത്രീ ടോയ്‌ലറ്റിന് വെളിയിലേക്ക് പുള്ളിപ്പുലിയുടെ വാല്‍ നീണ്ടു കിടക്കുന്നതു കണ്ടു ഞെട്ടി. അപകടം മണത്ത അവര്‍ ശൗചാലയം പുറത്തുനിന്ന് പൂട്ടി കുറ്റിയിട്ടു. ഇടുങ്ങിയ ശൗചാലയത്തില്‍ പുള്ളിപ്പുലിയും നായയും കുടുങ്ങിയെന്നു പറയേണ്ടതില്ലല്ലോ. പിന്നെ ഇരയും വേട്ടക്കാരനും ഒരു മുറിയില്‍. ശൗചാലയത്തിന്റെ ഒരു മൂലയില്‍ നായ മരണഭയത്തോടെ പതുങ്ങിയിരുന്നു. എങ്കിലും പുലി ഒരടി മുന്നോട്ടുവച്ചില്ല. ഒമ്പതു മണിക്കൂര്‍ നിശബ്ദം അവര്‍ പിന്നിട്ടു.

ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുള്ളിപ്പുലിയെ പിടിക്കാന്‍ കെണിയൊരുക്കി. ശൗചാലയത്തിന് പുറത്ത് വലയും കൂടും അടക്കം പുലിയെ കുടുക്കാനുള്ള സംവിധാനങ്ങള്‍ തിരക്കിട്ട് സജ്ജീകരിച്ചു. ശൗചാലയത്തിന്റെ മേല്‍ക്കൂര പൊളിച്ച് പുലിയെ വലയില്‍ വീഴ്ത്താനായിരുന്നു നീക്കം. പക്ഷേ, ആസ്ബറ്റോസ് മേല്‍ക്കൂരയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ വിടവിലൂടെ വലയില്ലാത്ത ഭാഗത്തേക്കു ചാടിയ പുള്ളിപ്പുലി കാട്ടിലേക്ക് മിന്നായം പോലെ മറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തില്‍ നായ ഭീതിയുടെ കൂടുവിട്ടിറങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular