തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പല സ്ഥലങ്ങളിലും സീറ്റു ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. അതിനിടെ ഇടതു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രതീക്ഷകളും അഭ്യൂഹങ്ങളും ഏറെയാണ്. ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന സിപിഎം നേതൃയോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരാനിരിക്കെ സിപിഎമ്മിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹം.
അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി വേദികളില്‍ നിന്നും അകന്നു നില്‍ക്കുന്ന വി.എസിന് പകരം മലമ്പുഴയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മത്സരത്തിനിറങ്ങും എന്നാണ് ഊഹാപോഹങ്ങള്‍. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ട എന്നറിയപ്പെടുന്ന മലമ്പുഴയില്‍ സിപിഎം പരീക്ഷിച്ചിട്ടുള്ളതെല്ലാം മികച്ച സ്ഥാനാര്‍ത്ഥികളെയാണ് മുന്‍ മുഖ്യമന്ത്രിമാരായ വിഎസും ഇ.കെ. നയനാരും ഇവിടെ നിന്നും ജയിച്ചു കയറിയിട്ടുണ്ട്. ഇടതു സ്ഥാനാര്‍ത്ഥികളില്‍ നാലു തവണയാണ് വിഎസിനെ മലമ്പുഴ നിയമസഭയിലേക്ക് വിട്ടത്. പിണറായി മന്ത്രിസഭയില്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ചെയര്‍മാനായ വിഎസ് അനാരോഗ്യത്തെ തുടര്‍ന്ന് പൊതുവേദികളോട് അകലം പാലിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച വിഎസ് ഈ പദവി രാജി വെയ്ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ വേദികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന വിഎസിന് പകരക്കാരനായി മലമ്പുഴയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വരേണ്ടതുണ്ട്. 1996 മുതല്‍ മലമ്പുഴയെ പ്രതിനിധീകരിക്കുന്ന വിഎസ് കഴിഞ്ഞ തവണ 2016 ല്‍ മത്സരിച്ചപ്പോള്‍ 23,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
അതേസമയം തന്നെ പാലക്കാട് ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് വിജയിച്ചെങ്കിലും രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. ബിജെപിയുടെ സി കൃഷ്ണകുമാറിന് പിന്നില്‍ മൂന്നാം സ്ഥാനത്തായി പോയിരുന്നു കോണ്‍ഗ്രസിന്റെ വി.എസ്. ജോയ്. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി ശക്തമായ സാന്നിദ്ധ്യമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി പിടിച്ചെടുത്ത ബിജെപി അവിടെ ജയ് ശ്രീറാം ബാനര്‍ തൂക്കിയത് വിവാദമായിരുന്നു. 52 സീറ്റില്‍ 24 സീറ്റുകള്‍ പിടിച്ചെടുത്തായിരുന്നു ബിജെപി നഗരസഭയുടെ ഭരണം പിടിച്ചത്.
മലമ്പുഴയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തു വരുന്നതിനിടയില്‍ തന്നെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിച്ച് വിവാദ പ്രസ്താവന നടത്തി വിജയരാഘവന്‍ ഇത്തവണയും വാര്‍ത്തയും സൃഷ്ടിച്ചു. പാണക്കാട്ടേയ്ക്കുള്ള ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും യാത്രയെ ലക്ഷ്യമിട്ട് നടത്തിയ മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ട് വിപുലീകരിക്കുക എന്ന നിലയിലേക്ക് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങിപ്പോയി എന്ന് പ്രസ്താവന നടത്തി.
സിപിഎം വര്‍ഗ്ഗീയത പ്രചരിപ്പിച്ച് വോട്ടു നേടാന്‍ ശ്രമിക്കുന്നു. വിജയരാഘവന്‍ പച്ചയായ വര്‍ഗീയത പറയുന്നു തുടങ്ങിയ വിമര്‍ശനം ഉയര്‍ത്തിയാണ് ഇതിനെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്. വിഷയത്തില്‍ പിന്നീട് സിപിഎം നേതൃത്വവും ഇടപെട്ടു. ലീഗ് യുഡിഎഫിന്റെ രാഷ്ട്രീയ കക്ഷിയാണെന്നും അതിന്റെ പ്രസിഡന്റുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. അതേസമയം തന്നെ മലമ്പുഴ മണ്ഡലം നില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ സിറ്റിങ് എം.എല്‍.എമാരില്‍ പലര്‍ക്കും ഇത്തവണ സീറ്റ് നഷ്ടമായേക്കുമെന്നും വിവരമുണ്ട്.
Leave a Comment