ശ്രീനഗര്‍: കോവിഡ് വാക്‌സിനേഷന് ജമ്മു കശ്മീരില്‍ ലഭിക്കുന്നത് മികച്ച പ്രതികരണം. ഇതുവരെ 15000ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ ജമ്മു കശ്മീരില്‍ വാക്‌സിന്‍ സ്വീകരിച്ചെന്നാണ് കണക്ക്.
ജനുവരി 16ന് തന്നെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും വാക്സിനേഷന് തുടക്കമിട്ടിരുന്നു. 162 കേന്ദ്രങ്ങളിലായാണ് കശ്മീരില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വാക്സിന്‍ കുത്തിവയ്ക്കുന്ന പ്രവര്‍ത്തനം പ്രതിബന്ധങ്ങളില്ലാതെ നടക്കുന്നതായി ജമ്മു ഹെല്‍ത്ത് കമ്മീഷണര്‍ അറിയിച്ചു. ഫെബ്രുവരി 15വരെ ആദ്യ ഘട്ടം നീളുമെന്നും ജമ്മു കശ്മീര്‍ ഭരണകൂടം വ്യക്തമാക്കി.
ജനുവരി മധ്യത്തിലാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇതുവരെ 25 ലക്ഷത്തിലേറെപേര്‍ പ്രതിരോധ കുത്തിവെയ്‌പ്പെടുത്തെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരും മറ്റു രംഗങ്ങളിലെ കോവിഡ് മുന്നണിപ്പോരാളികളും വാക്‌സിനേഷനോട് വിമുഖത കാട്ടുന്നുണ്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ മൂന്നാം ഘട്ടം ട്രയല്‍ നടത്തിയില്ലെന്നതാണ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പലരും പിന്തിരിയാന്‍ കാരണമെന്നു കരുതപ്പെടുന്നു. അതേസമയം, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെപോലും പ്രതിരോധിക്കാന്‍ കൊവാക്‌സിനു സാധിക്കുമെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.
Leave a Comment