വികസന നേട്ടങ്ങൾ കരുത്തുറ്റതാക്കാൻ ഒരുമിച്ച് നിൽക്കണം: മന്ത്രി എ.സി. മൊയ്തീൻ

എറണാകുളം: ഭാരത റിപ്പബ്ലിക്കിൽ വ്യത്യസ്തത കൊണ്ടും നേട്ടങ്ങളിൽ ഒന്നാമതെത്തിയും മുന്നോട്ടു പോകുകയാണ് കേരളം. ഈ വികസന നേട്ടങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാ വിഭാഗം ജനങ്ങളും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒരുമിച്ച് നിൽക്കണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത വിഭാഗം ജനങ്ങളെ ഒരു ചങ്ങലയിലെ കണ്ണി പോലെ കൊണ്ടു പോകാനും എല്ലാ വൈജാത്യങ്ങളെയും ഏകോപിപ്പിക്കാനും എല്ലാ വികാരങ്ങൾക്കും മാന്യത നൽകാനും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോകാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

റിപ്പബ്ലിക്കായതിനു ശേഷമുള്ള 72 വർഷക്കാലത്തെ പ്രയാണം ഭരണഘടന അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഭരണഘടന ഉറപ്പു നൽകുന്ന മത നിരപേക്ഷത നാടിൻ്റെ ജീവവായു ആണ്. ബഹുസ്വരതയുള്ള ഒരു നാടിനെ ഒരുമിച്ച് നിർത്താൻ ഭരണഘടന ഏറെ സഹായിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകേണ്ട കാലം കൂടിയാണിത്. ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കാനും വ്യത്യസ്ത ഭാഷയും സംസ്കാരവും സാമൂഹിക ചുറ്റുപാടുകളുമുള്ള ജനങ്ങളെ കോർത്തിണക്കാനും ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും ഏറെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങണം.

കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയാണ് നാം നേരിട്ടത്. സമ്പദ് വ്യവസ്ഥയെയും മനുഷ്യ ജീവിതത്തെയും കോവിഡ് മഹാമാരി പിടിച്ചുലച്ചു. കോവിഡ് പ്രതിരോധത്തിൽ മലയാളികളാകെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി. കോവിഡ് പ്രതിരോധത്തിനൊപ്പം മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും നാം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 8.35ന് മാർക്കേഴ്സ് കോളോടെയാണ് 72-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് കെ.എ.പി ഒന്നാം ബറ്റാലിയൻ, കൊച്ചി സിറ്റി പോലീസ്, എറണാകുളം റൂറൽ, വനിത പോലീസ് സേന എന്നിവയിലെ അംഗങ്ങൾ പരേഡിനായി ബേസ് ലൈനിൽ അണിനിരന്നു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നാലു പ്ലാറ്റൂണുകൾ മാത്രമാണ് പരേഡിൽ അണിനിരന്നത്. തുടർന്ന് പരേഡ് കമാൻഡർ ഇൻസ്പെക്ടർ ഓഫ് പോലീസ് എ. അനന്ത ലാൽ ചുമതലയേറ്റു. സബ് ഇൻസ്പെക്ടർ എസ്.പി. ആനി സെക്കൻഡ് ഇൻ കമാൻഡറായി. തുടർന്ന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് ഇൻസ്പെക്ടർ ജനറൽ ആൻഡ് കമ്മീഷണർ ഓഫ് പോലീസ് നാഗരാജു പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മുഖ്യാതിഥിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനെ കളക്ടറും കമ്മീഷണറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മന്ത്രിക്ക് പരേഡിൻ്റെ ആദരമർപ്പിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം പരേഡ് പരിശോധിക്കാനായി പരേഡ് കമാൻഡർ മന്ത്രിയെ ആനയിച്ചു. പരേഡ് പരിശോധിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് കൊച്ചി സിറ്റി കെ9 സ്ക്വാഡിലെ ബെല്ല എന്ന ഡോഗിൻ്റെ അവതരണം നടന്നു. തുടർന്ന് സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ മന്ത്രിയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹാരാർപ്പണം നടത്തി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിരുന്നു. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരുന്നില്ല. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിരുന്നു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമായി കൈകള്‍ അണുവിമുക്തമാക്കിയ ശേഷമാണ് ഗ്രൗണ്ടിൽ പ്രവേശിച്ചത്.

എം.എൽ.എമാരായ പി.ടി. തോമസ്, എം സ്വരാജ്, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, അസിസ്റ്റൻ്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, എ.ഡി.എം. സാബു കെ. ഐസക്, കണയന്നൂർ താലൂക്ക് തഹസിൽദാർ ബീന പി. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

pathram desk 2:
Related Post
Leave a Comment